പതഞ്ജലി ഡയറി ബിസിനസ് മേധാവി കൊറോണ ബാധിച്ച് മരിച്ച സംഭവം; ബാബ രാംദേവിന്റെ അലോപ്പതി ചികിത്സയ്ക്ക് എതിരായ പരമാര്‍ശം വീണ്ടും വിവാദമാകുന്നു

ന്യൂഡെല്‍ഹി: പതഞ്ജലി ആയുര്‍വേദിന്റെ ഡയറി ബിസിനസ് മേധാവി സുനില്‍ ബന്‍സാല്‍ കൊറോണ ബാധിച്ച് മരിച്ചതിനെ തുടര്‍ന്ന് അലോപ്പതി ചികിത്സയ്ക്ക എതിരായ ബാബ രാം ദേവിന്റെ പരാമര്‍ശം വീണ്ടും ചര്‍ച്ചയാകുന്നു.

അലോപ്പതി ചികിത്സയെ ‘സ്റ്റുപിഡ് സയന്‍സ്’ എന്നായിരുന്നു യോഗ ഗുരുവായ ബാബ രാം ദേവ് വിശേഷിപ്പിച്ചത്. അലോപ്പതി മരുന്ന് കഴിച്ച് രാജ്യത്ത് ലക്ഷക്കണക്കിന് രോഗികള്‍ മരിച്ചെന്നുള്ള രാംദേവിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയായിരുന്നു ബന്‍സാലിന്റെ മരണം. ഇതോടെ രാം ദേവിന്റെ പരാമര്‍ശം വീണ്ടും വാര്‍ത്തകളില്‍ ഇടംനേടിയിരിക്കുകയാണ്.

രാംദേവിന്റെ നേതൃത്വത്തിലുള്ള പതഞ്ജലി ആയുര്‍വേദിന്റെ ഡയറി ബിസിനസ് മേധാവിയായിരുന്ന സുനില്‍ ബന്‍സാല്‍ കൊറോണ ബാധിതനായതിനെ തുടര്‍ന്ന രാജസ്ഥാനിലെ ആശുപത്രിയില്‍വച്ച് ഈ മാസം 19 നാണ് മരിച്ചത്.

ബന്‍സാലിന് ലഭിച്ച അലോപ്പതി ചികിത്സയാണ് അദ്ദേഹത്തിന്റെ മരണകാരണമെന്ന് ആരോപണവും ഇപ്പോള്‍ ഉയരുന്നുണ്ട്. എന്നാല്‍ അലോപ്പതി ചികിത്സയുമായി ബന്ധപ്പെട്ട് പതഞ്ജലിക്ക് ബന്ധമില്ലെന്നും അദ്ദേഹത്തിന്റെ ഭാര്യയുടെ നേതൃത്വത്തിലാണ് അലോപ്പതി ചികിത്സ നടന്നതെന്നും പതഞ്ജലി വാര്‍ത്താക്കുറിപ്പിലൂടെ വ്യക്തമാക്കി. രാജസ്ഥാന്‍ ആരോഗ്യവകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥ കൂടിയാണ് ബന്‍സാലിന്റെ ഭാര്യയെന്നും കമ്പനി പറഞ്ഞു.

രാംദേവ് നടത്തിയ പ്രസ്താവനയ്ക്കെതിരെ കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍ അടക്കമുള്ളവര്‍ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചിരുന്നു. ഡോ. ഹര്‍ഷ വര്‍ധന്റെയും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെയും സമ്മര്‍ദത്തെത്തുടര്‍ന്ന് ബാബ രാംദേവ് ഞായറാഴ്ച അലോപ്പതി ചികിത്സയെക്കുറിച്ചുള്ള തന്റെ പ്രസ്താവന പിന്‍വലിക്കുകയായിരുന്നു.