റായ്പൂർ: കൊറോണ ടൂൾക്കിറ്റ് വിവാദത്തിൽ ബിജെപി ദേശീയ വക്താവ് സംപിത് പത്രയ്ക്കെതിരെ സമൻസ് അയച്ച് ഛത്തിസ്ഗഡ് പൊലിസ്. ഇന്ന് വൈകുന്നേരം നാലിന് റായ്പൂർ സിവിൽ ലൈൻ പൊലിസ് സ്റ്റേഷനിൽ എത്താനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഓൺലൈൻ ആയോ നേരിട്ടോ ഹാജരാകണമെന്നാണ് നിർദ്ദേശം.
ടൂൾക്കിറ്റ് വിവാദത്തിൽ സംപിത് പത്രയ്ക്കും മുൻ ഛത്തീസ്ഗഡ് മന്ത്രി രമൺ സിംഗിനുമെതിരെ കോൺഗ്രസ് വിദ്യാർത്ഥി സംഘടന എൻഎസ് യുഐ നൽകിയ പരാതിയിലാണ് പൊലിസ് സമൻസ് അയച്ചിരിക്കുന്നത്.
കോൺഗ്രസിന്റെ വ്യാജ ലെറ്റർഹെഡിൽ നിന്ന് തെറ്റായ വിവരങ്ങൾ പങ്കുവെച്ചുവെന്നാണ് ഇവർക്കെതിരായ കേസ്. കൊറോണ കൈകാര്യം ചെയ്യുന്നതിൽ മോദി സർക്കാരിന്റെ തോൽവി മറച്ചുവെച്ച് അതിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കുന്നതിന് വേണ്ടിയാണ് ഇത്തരം വ്യാജ വിവരങ്ങൾ പങ്കുവെക്കുന്നതെന്നും പരാതിയിൽ പറയുന്നു.
പ്രധാനമന്ത്രിയെ മോശമായി ചിത്രീകരിക്കാൻ കോൺഗ്രസ് ടൂൾകിറ്റ് ഉപയോഗിക്കുന്നുവെന്നായിരുന്നു സംപിത് പത്രയുടെ ആരോപണം. ടൂൾകിറ്റ് തയാറാക്കിയത് കോൺഗ്രസ് ഗവേഷണ വിഭാഗത്തിലെ സൗമ്യ വർമയാണെന്നും സംപിത് പത്ര ആരോപിച്ചിരുന്നു
സംഭവം വിവാദമായതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിക്കുന്നതിന് കോൺഗ്രസിന്റെ നേതൃത്വത്തിൽ സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണം നടത്തുന്നുവെന്നാരോപിച്ച് ബിജെപി ഐടി സെൽ തലവൻ സംപിത് പത്ര പങ്കുവെച്ച രേഖകൾ കൃത്രിമമാണെന്ന് ട്വിറ്റർ വ്യക്തമാക്കിയിരുന്നു.
രേഖകൾ കൃത്രിമമെന്ന് ട്വിറ്റൽ രേഖപ്പെടുത്തുകയും ചെയ്തു. വ്യാജമായ ഉള്ളടക്കങ്ങൾ പങ്കുവെക്കുമ്പോൾ കൃത്രിമം എന്ന ലേബൽ ചെയ്യുകയോ അല്ലെങ്കിൽ ഉള്ളടക്കം നീക്കം ചെയ്യുകയോ വേണം എന്നാണ് ട്വിറ്ററിന്റെ നയം.