കൊച്ചി: അഞ്ഞൂറിലേറെ നേഴ്‌സുമാരെ കൊറോണ വാക്‌സിന്‍ ഡ്യൂട്ടിക്കെന്ന പേരില്‍ പണം വാങ്ങി ദുബായില്‍ എത്തിച്ചശേഷം വഞ്ചിച്ച കേസില്‍ മൂന്നുപേര്‍ കസ്റ്റഡിയില്‍. കലൂരിലെ ടെയ്ക് ഓഫ് റിക്രൂട്ടിങ് ഏജന്‍സി ഉടമ ഫിറോസ് ഖാനെയും ഇയാളുടെ രണ്ട് സഹായികളെയുമാണ് എറണാകുളം നോര്‍ത്ത് പോലീസ് കസ്റ്റഡിയിലെടുത്തത്. ഡല്‍ഹിയിലേക്ക് കടക്കാനായുള്ള ശ്രമത്തിനിടെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട്ടുനിന്നാണ് പിടികൂടിയത്.
പ്രതികളെ ചോദ്യം ചെയ്തുവരികയാണ്. ഉടന്‍ അറസ്റ്റ് രേഖപ്പെടുത്തും. കൊറോണ വാക്‌സിന്‍ ഡ്യൂട്ടിക്കൊന്ന വ്യാജേന നേഴ്‌സുമാർക്ക് വിസിറ്റിങ് വിസ നല്‍കി വഞ്ചിച്ചെന്ന് കൊല്ലം പത്തനാപുരം പട്ടാഴി സ്വദേശി റീന രാജന്‍ നല്‍കിയ പരാതിയിലാണ് നടപടി. നഴ്‌സുമാരെ ദുബായില്‍ എത്തിച്ചശേഷം മസാജ് സെന്ററിലും ഹോം കെയര്‍ ജോലികള്‍ക്കും പോകണമെന്ന് ഭീഷണിപ്പെടുത്തുകയും മുറിയില്‍ അടച്ചിടുകയുമായിരുന്നുവെന്നാണ് പരാതി.
കൊറോണ വാക്‌സിന്‍ നല്‍കുന്നതിന് യുഎഇയില്‍ നേഴ്‌സുമാരെ ആവശ്യമുണ്ടെന്ന പരസ്യം കണ്ടാണ് നേഴ്‌സുമാര്‍ ഏജന്‍സിയെ സമീപിച്ചത്. 1.5 ലക്ഷം രൂപ ശമ്പളം, സൗജന്യ താമസം, ഭക്ഷണം എന്നിങ്ങനെയായിരുന്നു വാഗ്ദാനം. സര്‍ക്കാര്‍ ജോലിയെന്ന് തെറ്റിദ്ധരിപ്പിച്ച് 2.5 ലക്ഷം രൂപ സര്‍വീസ് ചാര്‍ജ് വാങ്ങി. എന്നാല്‍, മൂന്നുമാസത്തെ വിസിറ്റിങ് വിസയില്‍ ദുബായിലെത്തിച്ചശേഷം റിക്രൂട്ടിങ് ഏജന്‍സി ഒഴിഞ്ഞുമാറുകയായിരുന്നു.
കൊറോണ വാക്‌സിന്‍ നല്‍കുന്ന ജോലിയുടെ ഒഴിവ് തീര്‍ന്നുവെന്ന് അറിയിച്ച ഇവര്‍, മറ്റ് ജോലികള്‍ ചെയ്യാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. കൂട്ടത്തോടെ മുറിയിലിട്ട് പൂട്ടിയെന്നും ഭക്ഷണംപോലും നല്‍കിയില്ലെന്നും പരാതിയില്‍ പറയുന്നു. വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് വഞ്ചിച്ചതിന് ഫിറോസ് ഖാനെതിരെ നോര്‍ത്ത് പോലീസ് മുമ്പും കേസെടുത്തിരുന്നു. ഈ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ പ്രതി സ്ഥാപനത്തിന്റെ പേര് മാറ്റി വീണ്ടും തട്ടിപ്പ് തുടരുകയായിരുന്നു.