അധ്യായന വർഷം ജൂൺ ഒന്നിന് തന്നെ ആരംഭിക്കും; കുട്ടികൾക്ക് അധ്യാപകരുടെ ഓൺലൈൻ ക്ലാസുകൾ തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് ജൂണ്‍ ഒന്നിന് തന്നെ അധ്യായന വര്‍ഷം ആരംഭിക്കാന്‍ ധാരണ. വിദ്യാഭ്യാസ മന്ത്രിയായി വി.ശിവൻകുട്ടി ചുമതലയേറ്റ ശേഷം ഉന്നത ഉദ്യോ​ഗസ്ഥരുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. കൊറോണ വ്യാപനത്തെ തുടര്‍ന്ന് സ്കൂളുകള്‍ തുറക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ വിക്ടേഴ്സ് ചാനല്‍ വഴി പുതിയ അധ്യായന വര്‍ഷം ആരംഭിക്കാനാണ് ധാരണ.

കെറ്റ് സമര്‍പ്പിച്ചിരിക്കുന്ന ശുപാര്‍ശകള്‍ കൂടി പരി​ഗണിച്ചാവും തുടര്‍ നടപടികള്‍. ഡിജിറ്റല്‍ ക്ലാസുകളുടെ ​ഗുണഫലം ലഭിക്കാത്ത വിദ്യാര്‍ഥികള്‍ ഉണ്ടെങ്കില്‍ അവരെ കണ്ടെത്തി പരിഹാരം കാണണം എന്ന് മന്ത്രി നിര്‍ദേശിച്ചു. വിക്ടേഴ്സ് ചാനലിലെ ക്ലാസിന് പുറമെ 10, 12 ക്ലാസുകളിലെ അധ്യാപകര്‍ സ്കൂള്‍ തലത്തില്‍ ഓണ്‍ലൈന്‍ ക്ലാസ് നല്‍കണം എന്ന് നിര്‍ദേശവും പരി​ഗണനയിലുണ്ട്.

കഴിഞ്ഞ വര്‍ഷത്തെ ഓണ്‍ലൈന്‍ ക്ലാസുകളുടെ ഫലപ്രാപ്തി വിലയിരുത്തും. നിലവിലെ സാഹചര്യത്തില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരുക മാത്രമേ നിര്‍വാഹമുള്ളെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.