ന്യൂഡെൽഹി: കൊറോണ ഭീഷണി തുടരുന്ന സാഹചര്യത്തിൽ കൊവാക്സിന്റെ ഉത്പാദനം ഉയർത്താൻ തീരുമാനിച്ച് വാക്‌സിൻ നിർമ്മാതാക്കളായ ഭാരത് ബയോടെക്. ഗുജറാത്തിലെ അങ്കലേശ്വറിൽ അമേരിക്കൻ വാക്സിൻ ഉത്പാദന കമ്പനിയായ കൈറോൺ ബെഹ്റിങ് എന്ന കമ്പനിയുമായി ചേർന്ന് വർഷത്തിൽ 200 ദശലക്ഷം ഡോസ് കൊവാക്സിൻ ഉൽപാദിപ്പിക്കാനാണ് തീരുമാനം. സെപ്റ്റംബറോടെ അങ്കലേശ്വറിൽനിന്ന് വാക്സിൻ പുറത്തിറക്കി തുടങ്ങും.
നിലവിൽ ഹൈദരാബാദിലും ബംഗളൂരുവിലുമാണ് കൊവാക്സിൻ ഉത്പാദനം നടക്കുന്നത്. 2021 അവസാനത്തോടെ 100 കോടി ഡോസ് വാക്സീൻ ഉത്പാദനം പൂർത്തിയാക്കുമെന്നാണ് പ്രതീക്ഷ. നിലവിൽ 500 ദശലക്ഷമാണ് ഉൽപാദന ക്ഷമത.
രാജ്യത്തെ കൊറോണ വാക്സീൻ ലഭ്യതക്കുറവ് കാരണം വാക്സിനേഷന് പ്രതീക്ഷിച്ച വേഗതയില്ലെന്ന് അഭിപ്രായമുയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഉത്പാദനം കൂട്ടുന്നത്. ഇതിനകം 20 ദശലക്ഷത്തിൽ അധികം വാക്‌സിൻ വിതരണം ചെയ്തിട്ടുണ്ട്. അതിനിടെ രാജ്യത്ത് മൂന്നാം ഘട്ട വാക്സിനേഷൻ പുരോഗമിക്കുകയാണ്. ഇതുവരെ 18,70,09,792 പേർ വാക്സിനേഷന്റെ ഭാഗമായിട്ടുണ്ടെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നു.
കൊറോണ സ്ഥിരീകരിച്ചവർക്കും വാക്സിന്റെ ആദ്യഡോസ് സ്വീകരിച്ചശേഷം രോഗം വന്ന് ഭേദമായവർക്കും മൂന്നുമാസത്തിനുശേഷം രണ്ടാമത്തെ ഡോസ് നൽകിയാൽ മതിയെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. ചികിത്സയുടെ ഭാഗമായി ആന്റിബോഡിയോ പ്ലാസ്മയോ സ്വീകരിച്ചവർക്കും ഇത് ബാധകമാണ്.