ന്യൂഡെൽഹി: അനുനയ നീക്കങ്ങളോട് മുഖം തിരിച്ചതിനാല്‍ വാട്‌സാപ്പിനെതിരെ ശക്തമായ നടപടിക്ക് ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍. വാട്‌സാപ്പിന്റെ സ്വകാര്യത നയത്തില്‍ വ്യക്തത വരുത്താന്‍ ആവശ്യപ്പെട്ട് ഐടി മന്ത്രാലയം കമ്പനിക്ക് നോട്ടിസ് അയച്ചു. ഇന്ത്യന്‍ ജനതയുടെ സ്വകാര്യതയെ ഹനിക്കുന്നതാണ് നയമെങ്കില്‍ ശക്തമായ നടപടിയെടുക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ഏഴ് ദിവസത്തിനുള്ളില്‍ വ്യക്തമായ മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് വാട്‌സാപ്പിനുള്ള നോട്ടിസ്.
വാട്‌സാപ്പിന്റെ സ്വകാര്യത നയം നിശ്ചയമായും ഇന്ത്യന്‍ നിയമത്തിന്റെയും ഇന്ത്യന്‍ ജനതയുടെ അവകാശങ്ങളുടെയും പരിധിക്കുള്ളില്‍ ആയിരിക്കണം. അല്ലാത്ത പക്ഷം ശക്തമായ നിയമ നടപടികളിലേക്ക് കടക്കും എന്നാണ് മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. വാട്‌സാപ്പ് ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങളും ചാറ്റുകളും ഉടമസ്ഥ കമ്പനിയായ ഫേസ്ബുക്കിന് കൈമാറുമെന്നതാണ് വാട്‌സാപ്പിന്റെ പുതിയ സ്വകാര്യത നയം.
നയം അംഗീകരിക്കാത്ത ഉപയോക്താക്കളുടെ അക്കൗണ്ട് നീക്കം ചെയ്യുമെന്ന് വാട്‌സാപ്പ് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ഇതിനെതിരെ നേരത്തെ ശക്തമായ നിലപാടിലേക്ക് കടക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറായിരുന്നില്ല. ലോകത്താകമാനം വാട്‌സാപ്പ് നയം നടപ്പിലാക്കുന്നുണ്ടെങ്കിലും ഇന്ത്യയില്‍ മാത്രം സ്വകാര്യ വിവരങ്ങള്‍ കൂടുതല്‍ കൈവശപ്പെടുത്തുന്നുവെന്നതാണ് പ്രധാന ആരോപണം.
യൂറോപ്യന്‍ യൂണിയനില്‍ അടക്കം വാട്‌സാപ്പ് കര്‍ശന നിലപാട് സ്വീകരിക്കുന്നില്ല. എന്നാല്‍ മറ്റ് പല വിദേശ രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ത്യന്‍ ഐടി ആക്ട് ഉപയോക്താക്കളുടെ വിവരങ്ങള്‍ പൂര്‍ണമായും സംരക്ഷിക്കാന്‍ ഉതകുന്നതല്ല. ഇന്ത്യന്‍ നിയമത്തിലെ ഈ പാകപിഴ മുതലാക്കിയാണ് കമ്പനിയുടെ നീക്കം. ഇന്ത്യന്‍ നിയമമുനുസരിച്ചാണ് തങ്ങളുടെ പുതിയ നയം പ്രാവര്‍ത്തികമാക്കുന്നതെന്നാണ് വാട്‌സാപ്പിന്റെ നിലപാട്. മെയ് 15നാണ് വാട്ട്‌സാപ്പിന്റെ സ്വകാര്യ നയം നിലവില്‍ വന്നത്. ഇതുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സുപ്രിംകോടതിയുടെ അടക്കം വിവിധ കോടതികളുടെ പരിഗണനയിലാണ്.