മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകൻ രാഹുൽ ദ്രാവിഡ് ഇന്ത്യയുടെ ശ്രീലങ്കൻ പര്യടനത്തിൽ ടീമിന്റെ കോച്ചാകും. ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ലെങ്കിലും ബിസിസിഐയിലെ ചിലർ ഇക്കാര്യം അറിയിച്ചതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യയുടെ രണ്ടാംനിര ടീമാകും ശ്രീലങ്കൻ പര്യടനത്തിനുണ്ടാകുക.
ലോക ടെസ്‌റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനായും തുടർന്നുളള അഞ്ച് ടെസ്‌റ്റുകൾക്കായും ഇന്ത്യൻ സീനിയർ ക്രിക്കറ്റ് ടീം ഇന്നലെ ഇംഗ്ളണ്ടിലേക്ക് പുറപ്പെട്ടു. ഇക്കൂട്ടത്തിൽ കോച്ച് രവിശാസ്‌ത്രിയും പോയതിനാലാണ് ജൂലായ് 13ന് തുടങ്ങുന്ന ശ്രീലങ്കൻ പര്യടനത്തിന് ഇന്ത്യ രണ്ടാംനിര ടീമിനെ തയ്യാറാക്കുന്നത്. ജൂലായ് 27 വരെയുളള പര്യടനത്തിൽ മൂന്ന് ഏകദിനങ്ങളും ട്വന്റി ട്വന്റികളുമാണ് ഉണ്ടാകുക.
ജൂലായ് 13,16,19 തീയതികളിലാണ് ഏകദിന മത്സരങ്ങൾ. 22,24,27 തീയതികളിലാണ് ട്വന്റി20 മത്സരങ്ങൾ. ഐപിഎലിൽ മികച്ച പ്രകടനം കാഴ്‌ചവച്ച ഇംഗ്ളണ്ട് പര്യടനത്തിന് ഉൾപ്പെടാത്ത താരങ്ങളാകും ശ്രീലങ്കൻ പര്യടനത്തിൽ ഇന്ത്യൻ ടീമിലുണ്ടാകുക. ജൂലായ് അഞ്ചിന് ശ്രീലങ്കയിൽ ടീമെത്തും. തുടർന്ന് മൂന്ന് ദിവസം കർശന ക്വാറന്റൈൻ. നാല് ദിവസം പരിശീലനത്തോടെയുളള ക്വാറന്റൈൻ.
പരസ് മാംബ്രെ ടീമിന്റെ ബൗളിംഗ് പരിശീലകനുമാകും. മുൻപ് ഇന്ത്യയുടെ ജൂനിയർ ടീമുകളെയും ഇന്ത്യ ‘എ’യെയും പരിശീലിപ്പിച്ചിട്ടുണ്ട് ദ്രാവിഡ്. സീനിയർ ടീമിനെ പരിശീലിപ്പിച്ചിട്ടില്ലെങ്കിലും 2014ലെ ഇംഗ്ലണ്ട് പര്യടനത്തിൽ ഇന്ത്യയുടെ ബാറ്റിംഗ് ഉപദേഷ്‌ടാവായി ദ്രാവിഡ് ഒപ്പം പോയിരുന്നു. നിലവിലെ പല മികച്ച ബാറ്റ്സ്‌മാൻമാരും ദ്രാവിഡിന്റെ കണ്ടെത്തലാണ്.