ലക്‌നൗ : അയോദ്ധ്യയിൽ രാമക്ഷേത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. ക്ഷേത്രത്തിൽ ലോഹങ്ങൾ കൊണ്ടുള്ള ശിലകൾ സ്ഥാപിച്ചു. വെള്ളിയിലും, ചെമ്പിലും തീർത്ത ഒൻപത് ശിലകളാണ് സ്ഥാപിച്ചത്.
നന്ദ, അജിത, അപരാജിത്, ഭദ്ര, രിക്ത, ജയ, ശുക്ല, പൂർണ, സൗഭാഗ്യണി എന്നീ ശിലകളാണ് സ്ഥാപിച്ചത്. പ്രത്യേക പൂജകൾക്ക് ശേഷമായിരുന്നു ഇത്. രാമജന്മഭൂമിയിൽ പ്രത്യേക പ്രാർത്ഥനകളും, മന്ത്രോച്ചാരണങ്ങളും നടന്നു. ഇതിന് പുറമേ നാഗം, കൂർമ്മം, വരാഹം, താമര തുടങ്ങിയ ശിലകളും ക്ഷേത്രത്തിന്റെ വിവിധയിടങ്ങളിലായി സ്ഥാപിച്ചു. കൊറോണ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടായിരുന്നു പ്രാർത്ഥനയുൾപ്പെടെയുള്ള ചടങ്ങുകൾ നടന്നത്. ചടങ്ങിൽ നിർമ്മാണത്തിന്റെ മേൽ നോട്ടം വഹിക്കുന്ന രാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് അംഗങ്ങളും പങ്കെടുത്തു.
കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലാണ് ക്ഷേത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടത്. ഭൂമി പൂജയ്ക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ആരംഭം കുറിച്ചത്. കൊറോണയ്ക്കിടയിലും നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിൽ നടത്തുന്നുണ്ട്. വിദഗ്ധരുടെ മേൽ നോട്ടത്തിലാണ് ക്ഷേത്ര നിർമ്മാണം പുരോഗമിക്കുന്നത്.