സിപിഐ മന്ത്രിമാരും പുതുമുഖങ്ങൾ: ചിറ്റയം ഗോപകുമാർ ഡപ്യൂട്ടി സ്പീക്കര്‍; ജെ.ചിഞ്ചുറാണി ആദ്യ വനിതാ മന്ത്രി

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിൽ പുതുമുഖങ്ങളെ അണിനിരത്തി സിപിഐ. ഇന്ന് ചേർന്ന സിപിഐ സംസ്ഥാന കൗൺസിലും എക്സിക്യൂട്ടീവും ചേ‍ർന്നാണ് നാല് മന്ത്രിമാരേയും തെരഞ്ഞെടുത്തത്.

പി.പ്രസാദ്, കെ.രാജൻ, ജി.ആർ.അനിൽ, ജെ.ചിഞ്ചുറാണി എന്നിവരാണ് സിപിഐയിൽ നിന്നുള്ള മന്ത്രിമാർ. ഇ.ചന്ദ്രശേഖരൻ നിയമസഭാകക്ഷി നേതാവാകും കെ.രാജനാവും ഡെപ്യൂട്ടി ലീഡർ. പാർട്ടി വിപ്പായി ഇ.കെ.വിജയനേയും തെരഞ്ഞെടുത്തു. അടൂർ എംഎൽഎ ചിറ്റയം ​ഗോപകുമാറിനെ ഡെപ്യൂട്ടി സ്പീക്കറായും തെരഞ്ഞെടുത്തിട്ടുണ്ട്.

പാർട്ടി ആസ്ഥാനത്ത് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ് സിപിഐയുടെ മന്ത്രിമാരേയും ഡെപ്യൂട്ടി സ്പീക്കറേയും പ്രഖ്യാപിച്ചത്. രാവിലെ ചേ‍ർന്ന സിപിഐ യോ​ഗത്തിലാണ് മന്ത്രിമാരുടെ കാര്യത്തിൽ അന്തിമധാരണയായത്.

ചേർത്തലയിൽ നിന്നും ജയിച്ച പി.പ്രസാദും ഒല്ലൂരിൽ നിന്നും ജയിച്ച കെ.രാജനും മന്ത്രിമാരാകുമെന്ന് നേരത്തെ വ്യക്തമായിരുന്നു. അവശേഷിച്ച രണ്ട് പദവികളെ ചൊല്ലിയാണ് സസ്പെൻസ് നിലനിന്നത്.