ആഴ്ച്ചയിൽ 55 മണിക്കൂറിൽ കൂടുതൽ നിങ്ങൾ ജോലി ചെയ്യുന്നുണ്ടോ ? കരുതൽ​ വേണമെന്ന്​ ലോകാരോഗ്യ സംഘടന

ജനീവ: പ്രതിദിനം തുടർച്ചയായി എത്ര മണിക്കൂർ നിങ്ങൾ ജോലി ചെയ്യുന്നുണ്ട്​ ? സമയം ഏറെ കൂടുതലാണെങ്കിൽ മരണം വരെ സംഭവിക്കുമെന്ന ​മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. ജോലി സമയം കൂടിയതിനെ തുടർന്ന് മസ്​തിഷ്​കാഘാതം, ഹൃദയാഘാതം​ എന്നിവ മൂലം 2016 ൽ മാത്രം ലോകത്ത്​ 745,000 പേർ മരിച്ചതായി എൻവയറൺമെൻറ്​ ഇൻറർനാഷനൽ ജേണൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട്​ ചൂണ്ടിക്കാട്ടുന്നു. 2000ലെ കണക്കുകളെക്കാൾ 30 ശതമാനം കൂടുതലാണിത്.

അതെ സമയം മരണപ്പെട്ടവരിൽ കൂടുതലും മധ്യവയസ്​കരോ വൃദ്ധരോ ആയ പുരുഷന്മാരാണ്​. യുവത്വത്തിൽ ഇതിനോടു പൊരുത്തപ്പെട്ടു നിൽക്കാൻ ശരീരത്തിനാകുമെങ്കിലും പിന്നീട്​ സ്ഥിതി വഷളായേക്കും. അതോടെയാണ്​ മരണം വരെ സംഭവിക്കുന്നത്​.

ഒരാഴ്ചയിൽ 55 മണിക്കൂറും അതിൽ കൂടുതലും ജോലിയെടുക്കുന്നത്​ ഗുരുതരമായ ആരോഗ്യ പ്രശ്​നമുണ്ടാക്കുമെന്ന്​ ലോകാരോഗ്യ സംഘടന പരിസ്​ഥിതി, ആരോഗ്യ വിഭാഗം ഡയറക്​ടർ മരിയ നെയ്​റ വെളിപ്പെടുത്തി. ജപ്പാൻ, ചൈന, ആസ്​ട്രേലിയ തുടങ്ങിയ രാജ്യങ്ങൾ ഉൾപെടുന്ന തെക്കു കിഴക്കൻ ഏഷ്യ, പശ്​ചിമ പസഫിക്​ മേഖലകളിലുള്ളവരിലാണ്​ സ്ഥിതി ഗുരുതരമായി റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നത്.

ഒരാഴ്ചയിൽ 55 മണിക്കൂറിൽ കൂടുതൽ ജോലി​ ചെയ്യുന്നത്​ മസ്​തിഷ്​കാഘാതത്തിന്​ 35 ശതമാനവും ​ഹൃദ്രോഗത്തിന്​ 17 ശതമാനവും അധിക സാധ്യതയുണ്ടെന്നും റിപ്പോർട്ട്​ വ്യക്​തമാക്കുന്നു. 2000- 16 വർഷങ്ങൾക്കിടയിലെ കണക്കുകളാണ്​ ലോകാരോഗ്യ സംഘടന പരിശോധിച്ചത്​. കൊറോണ പ്രതിസന്ധിയിൽ ​ ജോലി സമയം പല വിഭാഗങ്ങൾക്കും ഏറെ കൂടുതലായതിനാൽ കരുതൽ​ വേണമെന്ന്​ ലോകാരോഗ്യ സംഘടന മേധാവി അദനം ഗെബ്രിയസൂസ്​ നിർദേശിച്ചു .