വാഷിങ്ടൺ: മൈക്രോസോഫ്റ്റ് സ്ഥാപകനും ശതകോടീശ്വരനുമായ ബിൽ ഗേറ്റ്‌സ് മൈക്രോസോഫ്റ്റ് ഡയറക്ടർ സ്ഥാനത്തുനിന്ന് രാജിവെച്ചത് ലൈംഗിക ആരോപണ അന്വേഷണത്തിനിടെയെന്ന് റിപ്പോർട്ടുകൾ . ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത് വാൾസ്ട്രീറ്റ് ജേണലാണ്. 2020 മാർച്ച് 20-നാണ് ബിൽ ഗേറ്റ്‌സ് മൈക്രോസോഫ്റ്റ് കമ്പനിയുടെ ഡയറക്ടർ ബോർഡിൽനിന്ന് രാജിവെച്ചത്. സന്നദ്ധ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാനുള്ള ശ്രമമാണ് നിർണായക സ്ഥാനത്തുനിന്നുള്ള വിട വാങ്ങലെന്നായിരുന്നു അദ്ദേഹത്തിൻ്റെ വിശദീകരണം.
എന്നാൽ, മൈക്രോസോഫ്റ്റ് കമ്പനിയിലെ ജീവനക്കാരിയുമായി ബിൽ ഗേറ്റ്‌സിനുണ്ടായിരുന്ന അടുപ്പം സംബന്ധിച്ച ആരോപണത്തിൽ കമ്പനി നടത്തുന്ന അന്വേഷണം പൂർത്തിയാവുന്നതിനു മുൻപാണ് അദ്ദേഹം രാജി വെച്ചതെന്നാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന റിപ്പോർട്ട്.
മൈക്രോസോഫ്റ്റിൽ എഞ്ചിനീയറായ ജീവനക്കാരിയുമായുള്ള അവിഹിത ബന്ധം നിലനിൽക്കെ കമ്പനി ബോർഡ് അംഗമായി ബിൽ ഗേറ്റ്‌സ് തുടരുന്നത് ശരിയല്ലെന്ന് ബോർഡ് വിലയിരുത്തിയിരുന്നതായി കമ്പനിയുമായി അടുത്ത വൃത്തങ്ങൾ വെളിപ്പെടുത്തി.
മൈക്രോസോഫ്റ്റ് ജീവനക്കാരി തന്നെയാണ് തനിക്ക് നേരത്തെ ബിൽ ഗേറ്റ്‌സുമായി അടുത്ത ബന്ധം ഉണ്ടായിരുന്നതായി കത്ത് മുഖേന കമ്പനി ബോർഡിനെ അറിയിച്ചത്. തുടർന്ന് 2019-ലാണ് ബിൽ ഗേറ്റ്‌സിനെതിരെ കമ്പനി അന്വേഷണം ആരംഭിച്ചത്.
ഇത് സംബ്ബന്ധിച്ച അന്വേഷണം നടക്കുന്നതിനാൽ ഡയറക്ടർ സ്ഥാനത്ത് ബിൽ ഗേറ്റ്‌സ് തുടരുന്നത് ധാർമികമല്ലെന്ന് ചില ബോർഡ് അംഗങ്ങൾ അംഗങ്ങൾ ആരോപിച്ചു . തുടർന്ന് അന്വേഷണം പൂർത്തിയാവുന്നതിന് മുൻപ് തന്നെ ബിൽ ഗേറ്റ്‌സ് ബോർഡിൽ നിന്ന് രാജിവെക്കുകയായിരുന്നു.
2000 മുതൽ തന്നെ ദീർഘക്കാലം ബിൽ ഗേറ്റ്‌സും താനുമായി അടുത്ത ബന്ധം പുലർത്തിയിട്ടുണ്ടെന്നായിരുന്നു ജീവനക്കാരി കത്തിലൂടെ കമ്പനിയെ അറിയിച്ചത്. അതെ സമയം അന്വേഷണ കാലയളവിൽ മുഴുവൻ ജീവനക്കാരിക്ക് മികച്ച പിന്തുണയാണ് കമ്പനി നൽകിയതെന്നും അടുത്ത വൃത്തങ്ങൾ ചൂണ്ടിക്കാട്ടി .