സംസ്ഥാനത്ത് വൈദ്യുതി മുടുങ്ങാന്‍ സാധ്യത; അപകടങ്ങള്‍ അറിയിക്കണമെന്ന് കെ.എസ്.ഇ.ബി

തിരുവനന്തപുരം: കാലവര്‍ഷക്കെടുതിയെ തുടർന്ന് സംസ്ഥാനത്ത് വ്യാപകമായി വൈദ്യുതി മുടങ്ങാന്‍ സാധ്യതയുണ്ടെന്നു കെഎസ്ഇബി. വൃക്ഷങ്ങള്‍ വൈദ്യുതി ലൈനുകളില്‍ വീഴാനും അതുവഴി ലൈന്‍ പൊട്ടിവീഴാനും സാധ്യതയുണ്ട്. പൊതുജനങ്ങള്‍ ജാഗ്രത പുലര്‍ത്തണം.

ആലപ്പുഴ ജില്ലയിലാണ് ഏറ്റവുമധികം നാശനഷ്ടമുണ്ടായത്. കൊല്ലം, തിരുവനന്തപുരം, എറണാകുളം തുടങ്ങിയ ജില്ലകളിലും വൈദ്യുതി സംവിധാനത്തിനു വലിയതോതില്‍ നഷ്ടമുണ്ടായി.

കഴിഞ്ഞദിവസമുണ്ടായ തീവ്രമായ മഴയിലും കാറ്റിലും മരങ്ങള്‍ കടപുഴകി വീണും മരക്കൊമ്പുകള്‍ ഒടിഞ്ഞു വീണും നൂറുകണക്കിനു വൈദ്യുതി പോസ്റ്റുകള്‍ ഒടിയുകയും ലൈനുകള്‍ തകരുകയും ചെയ്തിട്ടുണ്ട്.

വൈദ്യുതി അപകടങ്ങളോ അപകട സാധ്യതകളോ ശ്രദ്ധയില്‍പ്പെട്ടാല്‍ കെ.എസ്.ഇ.ബി. സെക്ഷന്‍ ഓഫീസിലോ, പ്രത്യേക എമര്‍ജന്‍സി നമ്പറായ 9496010101ലോ അറിയിക്കണം.

കൊറോണ വ്യാപനത്തിടെ പെട്ടെന്നുണ്ടായ പ്രകൃതി ദുരന്തത്താല്‍ ആശുപത്രികളുടെ പ്രവര്‍ത്തനം തടസപ്പെടാതിരിക്കാന്‍ കെ.എസ്.ഇ.ബി. പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. ആശുപത്രികളിലേക്കും കൊറോണ ചികിത്സാകേന്ദ്രങ്ങളിലേക്കും ഓക്സിജന്‍ പ്ലാന്റുകളിലേക്കുമുള്ള വൈദ്യുതിബന്ധം അതിവേഗം പുനഃസ്ഥാപിക്കുകയും വൈദ്യുതി മുടങ്ങാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തുകയും ചെയ്യുന്നുണ്ടെന്നും ബോര്‍ഡ് അറിയിച്ചു.