സംസ്ഥാനത്ത് ഒമ്പതു ജില്ലകളിൽ മൂന്നു മണിക്കൂറിനുള്ളിൽ ശക്തമായ കാറ്റിനും ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്തെ ഒമ്പതു ജില്ലകളിൽ അടുത്ത മൂന്നു മണിക്കൂറിനുള്ളിൽ ശക്തമായ കാറ്റിനും ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിലാണ് 40 കിലോമീറ്റർ വേഗതയിൽ കാറ്റു വീശാനും ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചത്.

അതേസമയം സംസ്ഥാനത്ത് ടൗട്ടേ ചുഴലിക്കാറ്റ് മുന്നറിയിപ്പുണ്ടെങ്കിലും അതിന്റെ സഞ്ചാരപഥത്തിൽ കേരളം ഉൾപ്പെടാൻ സാധ്യതയില്ലെന്ന് കാലാവസ്ഥാ പ്രവചന കേന്ദ്രം. എന്നാൽ ഇത് കടന്ന് പോവുന്ന തീരദേശത്തുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു. നിലവിൽ ലക്ഷദ്വീപ് ഭാഗത്ത് തന്നെയാണ് ചുഴലിക്കാറ്റ് നിലകൊള്ളുന്നത്.

കേരള തീരം തൊടാൻ സാധ്യതയില്ലെങ്കിലും അതിതീവ്ര ന്യൂനമർദം ഉണ്ടാവും. ഇതിന്റെ ഫലമായി പലയിടങ്ങളിലും അതിതീവ്ര മഴ പെയ്യും. തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇതുവരെ അതിതീവ്ര മഴയായിട്ടില്ല. ശനിയാഴ്ച വടക്കൻ ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. നേരിടാൻ എല്ലാ ഒരുക്കങ്ങളും തയ്യാറാക്കിയിട്ടുണ്ടെന്ന് കോഴിക്കോട് ജില്ലാ കളക്ടർ എസ്.സാംബശിവ റാവും അറിയിച്ചു.

24 മണിക്കൂറിൽ 204 മില്ലി മീറ്ററിന് മുകളിലുള്ള മഴയാണ് ജില്ലാ ദുരന്ത നിവാരണ വിഭാഗം കണക്ക് കൂട്ടുന്നത്. ന്യൂനമർദം ചുഴലിക്കാറ്റായി മാറാനുള്ള സാധ്യതയുള്ളതിനാൽ തീര ദേശത്തുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.

അതിശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തിൽ അധികൃതരുടെ നിർദേശങ്ങൾ അനുസരിച്ച് മാറിത്താമസിക്കേണ്ട ഇടങ്ങളിൽ അതിനോട് സഹകരിക്കേണ്ടതാണെന്ന് അതത് ജില്ലാ അധികാരികൾ അറിയിക്കുന്നു. കേരള തീരത്ത് നിന്നുള്ള മൽസ്യബന്ധനം പൂർണ്ണമായി നിരോധിച്ചിട്ടുണ്ട്.

വിവിധ തീരങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തിൽ മാറി താമസിക്കണം. മൽസ്യബന്ധനോപാധികൾ സുരക്ഷിതമാക്കി വെക്കണം.