കൊച്ചി: വില്ലൻ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ ശ്രദ്ധേയനായ നടൻ പി സി ജോർജ് അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. തൃശൂർ കൊരട്ടി സ്വദേശിയായിരുന്നു. പൊലീസുകാരനായിരുന്ന പി സി ജോർജ്, എസ് പിയായാണ് വിരമിച്ചത്. 68 ഓളം സിനിമകളിൽ അദ്ദേഹം അഭിനയിച്ചു.
ചാണക്യൻ, അഥർവം, ഇന്നലെ, സംഘം തുടങ്ങി നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട് . കെ.ജി. ജോർജ്, ജോഷി തുടങ്ങി മലയാളത്തിലെ പ്രമുഖരായ നിരവധി സംവിധായകർക്കൊപ്പം അദ്ദേഹം പ്രവർത്തിച്ചു. സംഘം സിനിമയിലെ പ്രായിക്കര അപ്പ ആണ് ശ്രദ്ധേയമായ കഥാപാത്രം. നാടകത്തിലൂടെയാണ് അഭിനയ രംഗത്ത് എത്തിയത്. പിന്നീട് കെ.ജി. ജോർജ്, ജോഷി തുടങ്ങി മലയാളത്തിലെ പ്രമുഖരായ നിരവധി സംവിധായകർക്കൊപ്പം ജോർജ് പ്രവർത്തിച്ചു.
ആദ്യകാലങ്ങളിൽ സിനിമയും ഔദ്യോഗിക ജീവിതവും ഒരുമിച്ച് കൊണ്ടുപോയെങ്കിലും, ഇടക്ക് പൂർണമായും സിനിമയിൽ നിന്ന് മാറി നിൽക്കേണ്ട സാഹചര്യമുണ്ടായപ്പോൾ അദ്ദേഹം തിരികെ ജോലിയിൽ പ്രവേശിച്ചു. അത് മൂലം ഒട്ടനവധി ചിത്രങ്ങളിൽ അദ്ദേഹത്തിനു അഭിനയിക്കാൻ കഴിയാതെ പോയി. പിന്നീട് അഭിനയ രംഗത്ത് സജീവമായ അവസരത്തിൽ ചെറുതും വലുതുമായ കഥാപാത്രങ്ങൾ അദ്ദേഹത്തെ തേടി എത്തി. ശാരീരിക ആസ്വാസ്ഥ്യം മൂലം കുറച്ചു കാലമായി കലാരംഗത്ത് അദ്ദേഹം സജീവമല്ലായിരുന്നു. ഭാര്യ: കൊച്ചു മേരി മക്കൾ: കനകാംബലി, കാഞ്ചന, സാബന്റിജോ.
കുട്ടിക്കാലത്ത് തന്നെ നാടകങ്ങളോടും സിനിമയോടും പി സി ജോർജ് ആകൃഷ്ടനായി. കോളജ് വിദ്യാഭ്യാസ കാലത്ത് മിമിക്രിയിലും മോണോ ആക്ടിലും നിരവധി സമ്മാനങ്ങൾ അദ്ദേഹം വാരിക്കൂട്ടി. പഠനത്തിനു ശേഷം അദ്ദേഹം പൊലീസിൽ ഓഫീസറായി ചേർന്നു. അപ്പോഴും മനസ്സിൽ അഭിനയമുണ്ടായിരുന്നു. വയലാർ രാമവർമ്മ, കെ.ജി. സേതുനാഥ് എന്നിവരുമായി സൗഹൃദത്തിലായിരുന്നു. ഇതിനിടയിൽ ചില പ്രൊഫഷനൽ നാടകങ്ങളിൽ അദ്ദേഹം അഭിനയിക്കുകയും ചെയ്തു.
തിരുവനന്തപുരത്തേക്ക് സ്ഥലം മാറ്റമുണ്ടായപ്പോൾ മെറിലാൻഡ് സുബ്രഹ്മണ്യനെ( പി. സുബ്രഹ്മണ്യം) പോയി കാണുകയും, സ്റ്റുഡിയോ ചുറ്റി കാണുന്നതിനിടയിൽ അദ്ദേഹം ജോർജിനോട് ഒരു വേഷം ചെയ്യാമോ എന്ന് ചോദിക്കുകയും ചെയ്തു. അത് സ്വീകരിക്കുകയും ചെയ്തു. ജോർജിന്റെ ബാച്ചിൽ എസ്‌ഐ ആയി ജോലി നോക്കിയിരുന്ന നടൻ അസീസ് സിനിമയിൽ അഭിനയിക്കാനായി പൊലീസ് വകുപ്പിൽ നിന്നും അനുവാദം വാങ്ങിയ കാലമായിരുന്നു അത്. ജോർജും അതു തന്നെ ചെയ്തു.
അങ്ങനെ അംബ അംബിക അംബാലിക എന്ന ചിത്രത്തിൽ അഭിനയിച്ചു. ആ വേഷം ശ്രദ്ധിക്കപ്പെട്ടതോടെ അദ്ദേഹത്തെ തേടി കൂടുതൽ അവസരങ്ങൾ വന്നു.രാമു കാര്യാട്ടിന്റെ ദ്വീപ്, സുബ്രഹ്മണ്യൻ മുതലാളിയുടെ തന്നെ വിടരുന്ന മൊട്ടുകൾ, ശ്രീമുരുകൻ തുടങ്ങി നിരവധി ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു. സുബ്രഹ്മണ്യൻ മുതലാളിയുടെ ചിത്രങ്ങളിലെ സ്ഥിരം അഭിനേതാവുമായി.
പിന്നീട് ചെറിയ വേഷങ്ങളിൽ നിന്നും മാറി നല്ല കഥാപാത്രങ്ങൾ അദ്ദേഹത്തെ തേടി വന്നു. പൊലീസുകാരനായും, വില്ലനായും, ക്യാരക്ടർ റോളുകളിലുമെല്ലാം അദ്ദേഹം തിരശ്ശീലയിലെത്തി. ചാണക്യൻ, അഥർവ്വം, ഇന്നലെ, സംഘം തുടങ്ങി നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ അദ്ദേഹം ചെയ്തു.