എട്ടു വർഷം മുമ്പ് നിരോധിച്ച “പിതാവിനും പുത്രനും”പേരു മാറ്റി ‘അക്വേറിയം’ ആയി; ഒടിടി റിലീസിന് ഹൈക്കോടതിയുടെ സ്റ്റേ

കൊച്ചി: എട്ടു വർഷം മുമ്പ് നിരോധിക്കപ്പെട്ട സിനിമാ പേരു മാറ്റി ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യാനുള്ള നീക്കം പൊളിഞ്ഞു. അക്വേറിയം” എന്നപേരിൽ ഒടിടി റിലീസിന് ഒരുങ്ങിയത് “പിതാവിനും പുത്രനും” എന്ന നിരോധിത സിനിമയാണെന്ന് ഹൈക്കോടതിയുടെ സ്റ്റേയോടെയാണ് പുറം ലോകം അറിഞ്ഞത്.

കത്തോലിക്കാ സന്യാസിനിമാരുടെ ഓൺലൈൻ കൂട്ടായ്മയായ “വോയ്‌സ് ഓഫ് നൺസ്” ഹൈക്കോടതിയിൽ സമർപ്പിച്ച റിട്ട് പെറ്റിഷൻ പരിഗണിച്ചാണ് മെയ് 14ന് ഒടിടി റിലീസ് പ്രഖ്യാപിച്ചിരുന്ന “അക്വേറിയം” സിനിമ സ്റ്റേ ചെയ്തത്.

വാസ്തവ വിരുദ്ധവും, മനുഷ്യത്വരഹിതവും, ലൈംഗിക വൈകൃതങ്ങൾ നിറഞ്ഞതുമായ സാങ്കൽപിക കഥകൾ എച്ചുവച്ച് ക്രൈസ്തവ വിശ്വാസത്തെയും കത്തോലിക്കാ സഭയെയും അവഹേളിക്കുന്നതായിരുന്നു 2013ൽ ചിത്രീകരണം പൂർത്തിയായ പിതാവിനും പുത്രനും” എന്ന ചിത്രം. സെൻസർ ബോർഡിന്റെ അനുമതിക്കായി സമർപ്പിക്കപ്പെട്ട ഈ ചിത്രത്തിന്റെ ഉള്ളടക്കം, മനസ്സിൽ നന്മയുള്ള സകലരെയും വേദനിപ്പിക്കുന്നതായിരുന്നു. സെൻസർ ബോർഡ് കേരള ഘടകവും, റിവിഷൻ കമ്മിറ്റിയും, അപ്പലേറ്റ് ട്രൈബ്യൂണലും തള്ളിയതോടെ ആ സിനിമ നിരോധിത സിനിമകളുടെ ലിസ്റ്റിൽ ഉൾപ്പെട്ടു.

ക്രൈസ്തവർക്കും സന്യസ്തർക്കും എതിരായ ദുഷ്പ്രചരണങ്ങൾ മാത്രം ലക്ഷ്യംവച്ച് നിർമ്മിച്ച ആ സിനിമ ഏതുവിധേനയും പൊതുസമൂഹത്തിലേയ്ക്ക് എത്തിക്കാൻ കിണഞ്ഞു പരിശ്രമിച്ച പിന്നണി പ്രവർത്തകർ തങ്ങളുടെ സ്വാധീനശക്തി ഉപയോഗിച്ചാണ് വീണ്ടും ഈ സിനിമ പ്രദർശിപ്പിക്കാൻ ഒരുങ്ങിയത്.

മറ്റൊരു ചിത്രം എന്ന വ്യാജേന പേരുമാറ്റി സെൻസർ ബോർഡ് അംഗങ്ങളെ തെറ്റിദ്ധരിപ്പിച്ച് 2020ൽ വീണ്ടും സെൻസർ ബോർഡിന് മുന്നിൽ സമർപ്പിച്ചാണ് സർട്ടിഫിക്കേറ്റ് കരസ്ഥമാക്കിയതെന്നാണ് സൂചന. ഒടിടി റിലീസിനോട് അനുബന്ധിച്ച് നൽകിയ വാർത്തയിൽ അപ്പലേറ്റ് ട്രൈബ്യൂണലിൽ നിന്ന് ആവശ്യപ്പെട്ടതനുസരിച്ച് പേര് മാറ്റിയതോടെയാണ് തങ്ങൾക്ക് സർട്ടിഫിക്കേറ്റ് ലഭിച്ചതെന്ന് അവർ വ്യാജ അവകാശവാദം ഉന്നയിച്ചിരുന്നു.

2013ൽ ചിത്രം പ്രദർശിപ്പിക്കാൻ അനുമതി ലഭിക്കില്ലെന്ന് വ്യക്തമായതോടെ ഒരു മലയാളം വാരികയിൽ സിനിമയുടെ മുഴുവൻ തിരക്കഥയും പിന്നണി പ്രവർത്തകർ പ്രസിദ്ധപ്പെടുത്തിയിരുന്നു. തിരക്കഥ വായിച്ചവരാണ് ഈ സിനിമയുടെ പിന്നണി പ്രവർത്തകർ ലക്ഷ്യംവച്ചത് എന്താണെന്ന് മനസിലാക്കാക്കിയത്. ലോകമെമ്പാടും എണ്ണമറ്റ സേവന പ്രവർത്തനങ്ങളിൽ നിസ്വാർത്ഥമായി മുഴുകിയിരിക്കുന്ന ലക്ഷക്കണക്കിന് വരുന്ന ക്രൈസ്തവ സന്യാസിനിമാരുടെ ആത്മാഭിമാനത്തെ നിഷ്കരുണം ചോദ്യം ചെയ്യുന്നതായിരുന്നു അതിലെ ആഖ്യാനങ്ങൾ എന്ന് വ്യക്തമായതോടെ ഒട്ടേറെപ്പേർ ആ സിനിമയ്ക്കും, അതിന്റെ തിരക്കഥ പ്രസിദ്ധപ്പെടുത്തിയ വാരികയ്ക്കും എതിരായി രംഗത്ത് വരികയുണ്ടായിരുന്നു.

ഈ ചലച്ചിത്രം പുതിയപേരിൽ വീണ്ടും റിലീസിന് ഒരുങ്ങുന്നു എന്ന വാർത്തയ്‌ക്കൊപ്പം, സന്യസ്തരെയും ക്രൈസ്തവ വിശ്വാസത്തെയും അവഹേളിക്കുന്ന വിധത്തിലുള്ള അതിന്റെ ട്രെയ്‌ലറും പ്രചരിച്ചതോടെ കത്തോലിക്കാ സന്യാസിനിമാരുടെ ഓൺലൈൻ കൂട്ടായ്മയായ “വോയ്‌സ് ഓഫ് നൺസ്” നിയമപരമായി നീങ്ങാൻ തീരുമാനിക്കുകയായിരുന്നു.സിനിമയുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങൾക്കും പത്തു ദിവസത്തേയ്ക്കാണ് സ്റ്റേ. സന്യാസിനിമാർക്കുവേണ്ടി കേരളഹൈക്കോടതിയിലെ സീനിയർ അഭിഭാഷകരായ അഡ്വ. ജോർജ്ജ് പൂന്തോട്ട, അഡ്വ. ജോൺ വർഗീസ് എന്നിവർ ഹാജരായി.