ഇന്ത്യ ലോക്ക്ഡൗണിൽ; തെലങ്കാനയിലും പൂട്ടിട്ടു; 18 സംസ്ഥാനങ്ങളിൽ സമ്പൂർണ്ണ നിയന്ത്രണം; കേന്ദ്ര ഭരണ പ്രദേശങ്ങൾ അടക്കം 13 ഇടത്ത് ഭാഗിക ലോക്ക് ഡൗൺ

ന്യൂഡെൽഹി: കൊറോണ വ്യാപനം രൂക്ഷമായതോടെ ഇന്ത്യപൂർണ്ണ ലോക്ക് ഡൗണിലേക്ക് . തെലങ്കാനയും ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ രാജ്യത്തെ എല്ലാ പ്രദേശങ്ങളും കൊറോണ പ്രതിരോധത്തിന്റെ ഭാഗമായുള്ള അടച്ചുപൂട്ടലിലായി. ചില സംസ്ഥാനങ്ങൾ ഭാഗിക അടച്ചുപൂട്ടലും കൂടുതൽ സംസ്ഥാനങ്ങൾ സമ്പൂർണ ലോക്ക് ഡൗണുമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇതോടെ ഇന്ത്യയിൽ 18 സംസ്ഥാനങ്ങൾ സമ്പൂർണ്ണലോക്ക് ഡൗണിലായി. കേന്ദ്ര ഭരണ പ്രദേശങ്ങൾ അടക്കം 13 ഇടങ്ങൾ ഭാഗിക ലോക്‌ഡൗണിലുമാണ്.

തെലങ്കാന മാത്രമായിരുന്നു രാജ്യത്ത് കർശനമായ കൊറോണ നിയന്ത്രങ്ങൾ ഏർപ്പെടുത്താത്ത സംസ്ഥാനം. പത്തു ദിവസത്തെ ലോക്ക് ഡൗൺ ആണ് മുഖ്യമന്ത്രി ചന്ദ്രശേഖർ റാവു പ്രഖ്യാപിച്ചത്. രാവിലെ ആറു മുതൽ പത്തു വരെ മാത്രമേ അവശ്യ സർവീസുകൾ അനുവദിക്കൂ.

കേരളത്തിനു പുറമേ തമിഴ്‌നാട്, കർണാടക, മഹാരാഷ്ട്ര മധ്യ പ്രദേശ്, രാജസ്ഥാൻ, ഉത്തർപ്രദേശ്, പഞ്ചാബ്, ഹരിയാന, ഹിമാചൽ പ്രദേശ്, ഡെൽഹി, ഝാർഖണ്ഡ്, ബിഹാർ, ഛത്തിസ്ഗഢ്, ഒഡിഷ, മിസോറാം, നഗാലാൻഡ്, എന്നീ സംസ്ഥാനങ്ങളാണ് സമ്പൂർണ അടച്ചിടൽ പ്രഖ്യാപിച്ചിട്ടുള്ളത്. പല സംസ്ഥാനങ്ങളും നേരത്തെ പ്രഖ്യാപിച്ച ലോക്ക് ഡൗൺ നീട്ടുകയായിരുന്നു.

തെക്കേ ഇന്ത്യയിൽ ആന്ധ്രയിൽ മാത്രമാണ് സമ്പൂർണ അടച്ചിടൽ ഇല്ലാത്തത്. ഇവിടെ ഭാഗിക നിയന്ത്രണങ്ങളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഗോവയിലും ഭാഗിക നിയന്ത്രണമാണുള്ളത്. ഗുജറാത്ത്, ജമ്മു കശ്മീർ, ലഡാക്ക്, ഉത്തരാഖണ്ഡ്, പശ്ചിമ ബംഗാൾ, സിക്കിം, മേഘാലയ, അസം, അരുണാചൽ പ്രദേശ്, മണിപ്പൂർ, ത്രിപുര എന്നിവിടങ്ങളിൽ ഭാഗിക ലോക്ക് ഡൗൺ ആണുള്ളത്. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണ കേന്ദ്ര സർക്കാർ ലോക്ക് ഡൗൺ പ്രഖ്യാപിക്കാതെ സാഹചര്യം അനുസരിച്ചു തീരുമാനമെടുക്കാൻ സംസ്ഥാനങ്ങളോടു നിർദേശിക്കുകയായിരുന്നു.