തിരുവനന്തപുരം: ഫോണിൽ വിളിച്ച എഎസ്ഐയെ അധിക്ഷേപിച്ച സംഭവത്തിൽ ആരോപണ വിധേയയായ വനിതാ മജിസ്ട്രേറ്റിനെ, ക്രിമിനൽ കേസുകൾ കൈകാര്യം ചെയ്യുന്ന കോടതിയിൽനിന്നു മാറ്റി. ഇവർക്ക് സിവിൽ കോടതിയുടെ ചുമതല നൽകി.
നെയ്യാറ്റിൻകര ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് (ഒന്ന്) ടിയാറ റോസ് മേരിയെയാണ് നെയ്യാറ്റിൻകര അഡിഷനൽ മുൻസിഫ് (രണ്ട്) ആയി മാറ്റിയത്. ഹൈക്കോടതി റജിസ്ട്രാറുടെ ഉത്തരവിനെ തുടർന്നാണ് നടപടി. നെയ്യാറ്റിൻകര അഡിഷനൽ മുൻസിഫ് ആയ ബി.ശാലിനിയെ നെയ്യാറ്റിൻകര ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റായും നിയമിച്ചു. അടിയന്തരമായി ചുമതലയേൽക്കണമെന്നാണ് ഉത്തരവ്.
പാറശാല സ്റ്റേഷനിലെ എഎസ്ഐയെയാണ് ടിയാറ റോസ് മേരി ഫോണിലൂടെ അധിക്ഷേപിച്ചത്. ഇതിന്റെ വോയ്സ് ക്ലിപ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. ഇരു കാലുകളും തളർന്ന് മുച്ചക്ര വാഹനത്തിൽ ലോട്ടറി വിൽക്കുന്നയാളെ പ്രത്യേക സാഹചര്യത്തിൽ കാണാതായിരുന്നു. ഇയാളെ പൊലീസ് രണ്ടു ദിവസത്തിനകം കണ്ടെത്തി.
കാണാതായ വ്യക്തിയെ മജിസ്ട്രേറ്റിനു മുൻപാകെ ഹാജരാക്കാൻ സമയം ചോദിച്ച് പാറശാല സ്റ്റേഷനിലെ എഎസ്ഐ പലതവണ ഫോണിൽ വിളിച്ചെങ്കിലും ഇവർ അനുവദിച്ചില്ലത്രെ. അടിയന്തര പ്രധാനമുള്ള സംഭവമായതിനാൽ, പൊലീസുകാരൻ വീണ്ടും വിളിച്ചെങ്കിലും മജിസ്ട്രേറ്റ് ഫോൺ അറ്റൻഡു ചെയ്തില്ല. വീണ്ടും വിളിച്ചപ്പോഴാണ് മജിസ്ട്രേറ്റ് പൊട്ടിത്തെറിച്ചത്.
മെഡിക്കൽ പരിശോധനയും മറ്റു നടപടികളും പൂർത്തിയാക്കിയ ശേഷം മജിസ്ട്രേറ്റിനു മുൻപാകെ ഹാജരാക്കുന്നതിനായി ടിയാറ റോസ് മേരിയെ ഫോണിൽ വിളിച്ചപ്പോഴാണ് പൊട്ടിത്തെറിച്ചത്. ‘ഒരു കോൾ വിളിച്ചു കൊണ്ടിരിക്കുമ്പോൾ നിങ്ങളുടെ ആരെങ്കിലും ചത്തോ…? ഇങ്ങനെ കിടന്ന് വിളിക്കാൻ….ഇവിടെ ഒരു കോൾ വിളിച്ചു കൊണ്ടിരിക്കുമ്പോൾ ഇടയ്ക്ക് നൂറു തവണ വിളിച്ചില്ലെങ്കിൽ നിങ്ങൾക്ക് ഉറക്കം വരത്തില്ലേ? …ഇനി മേലാൽ ഇങ്ങോട്ട് വിളിച്ചാൽ വിവരമറിയും, പറഞ്ഞേക്കാം….’–എന്നായിരുന്നു വനിതാ മജിസ്ട്രേറ്റ് പറഞ്ഞത്. സംഭവം വിവാദമായതോടെയാണ് ഹൈക്കോടതി റജിസ്ട്രാറിന്റെ ഉത്തരവ് വന്നത്.