ന്യൂഡെൽഹി: കൊറോണ രോഗികൾക്കുണ്ടാകുന്ന മാനസിക സമ്മർദ്ദത്തിന് വിചിത്ര പരിഹാര മാർഗം നിർദേശിച്ച കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ വർധനെതിരെ സമൂഹ മാധ്യമങ്ങളിൽ രൂക്ഷ വിമർശനം. സമ്മർദ്ദം ഇല്ലാതാക്കാൻ ഡാർക്ക് ചോക്ലേറ്റ് കഴിച്ചാൽ മതിയെന്നാണ് മന്ത്രിയുടെ അവകാശവാദം. കൊക്കോ 70 ശതമാനം അടങ്ങിയ ഡാർക്ക് ചോക്ലേറ്റ് കഴിച്ചാൽ ശരീരത്തിന് ധാരാളമായി പ്രതിരോധ ശേഷി കൈവരുകയും കൂടാതെ സമ്മർദ്ദം കുറക്കാൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യരംഗത്തെ പ്രുമഖർ അടക്കം ഇതിനെ വിമർശിച്ച് രംഗത്തെത്തി. പൊതുജനാരോഗ്യ ഗവേഷകരും തെളിവുകൾ ഹാജരാക്കാൻ ആരോഗ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. മന്ത്രിയുടെ അവകാശവാദത്തിന് “കൊറോണ പശ്ചാത്തലത്തിലുള്ള തെളിവുകൾ എവിടെ?” എന്ന് ചോദിച്ചാണ് ബയോഎത്തിക്സ് ഗവേഷകനായ ആനന്ദ് ഭാൻ എത്തിയത്.
സമൂഹമാധ്യമങ്ങളിലും മന്ത്രിയുടെ ചോക്ലേറ്റ് ചികിത്സക്ക് തെളിവ് ആവശ്യപ്പെടുന്നത് നിരവധിപേരാണ്. മന്ത്രി എന്ന നിലക്ക് തെളിവുകൾ നിരത്തി സംസാരികണമെന്നും ചിലർ പറഞ്ഞു. നമ്മുടെ സമൂഹത്തിലെ എത്ര ആളുകൾക്ക് ഡാർക്ക് ചോക്ലേറ്റ് വാങ്ങി കഴിക്കാനുള്ള സാഹചര്യമുണ്ടെന്നായിരുന്നു കമൻറുകളിലൂടെ മറ്റുചിലർ ചോദിച്ചത്. ഇനി റേഷൻ കടകൾ വഴി ചോക്ലേറ്റ് വിതരണവും തുടങ്ങുമോ എന്നായിരുന്നു ചിലരുടെ ചോദ്യം.