ചേതന്‍ സക്കറിയയുടെ പിതാവ് കൊറോണ ബാധിച്ച് മരിച്ചു

ഭാവ്‌നഗര്‍: ഇന്ത്യന്‍ പേസ് ബൗളര്‍ ചേതന്‍ സക്കറിയയുടെ പിതാവ് കാഞ്ചിഭായ് സക്കറിയ കൊറോണ ബാധിച്ച് മരിച്ചു. ചേതന്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ബയോ ബബിളില്‍ ആയിരുന്നപ്പോള്‍ തന്നെ പിതാവ് രോഗ ബാധിതനായിരുന്നു. ഗുജറാത്തിലെ ഭാവ്‌നഗര്‍ സ്വദേശിയാണ്. രാജസ്ഥാന്‍ റോയല്‍സാണ് ചേതന്റെ പിതാവിന്റെ മരണം ട്വിറ്ററിലൂടെ അറിയിച്ചത്.

പ്രീമിയല്‍ ലീഗില്‍ കൊറോണ രൂക്ഷമായതിനെ തുടര്‍ന്ന സീസണ്‍ ദ്ദാക്കിയപ്പോള്‍ രാജസ്ഥാന്‍ റോയല്‍സ് താരമായ ചേതന്‍ നാട്ടിലേക്ക് മടങ്ങിയിരുന്നു. ഇതിനിടെയാണ് പിതാവിന് രോഗം മൂര്‍ച്ഛിച്ചത്. വീട്ടിലെത്തിയ ചേതന്‍ പിപിഇ കിറ്റ് ധരിച്ച പിതാവിനെ കാണാന്‍ പോയിരുന്നു. പ്രീമിയര്‍ ലീഗില്‍ നിന്നും ലഭിച്ച തുക ഉപയോഗിച്ചാണ് പിതാവിന്റെ ചികിത്സ നടത്തുന്നതെന്ന് ചേതന്‍ കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.

ചേതന്റെ പിതാവിന്റെ മരണത്തില്‍ അനുശോചനം അറിയിച്ച ആര്‍ആര്‍ ഫ്രാഞ്ചൈസി അദ്ദേഹത്തിന് വേണ്ട പിന്തുണ നല്‍കാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു. കൊറോണയുമായുള്ള പോരാട്ടത്തില്‍ കാഞ്ചിഭായ് സക്കറിയ ഇന്ന് തോറ്റു എന്ന് സ്ഥിരീകരിക്കാന്‍ കഴിയുന്നില്ല , ഇത് ഞങ്ങളെ വളരെയധികം വേദനിപ്പിക്കുന്നു. ഞങ്ങള്‍ ചേതനുമായി സമ്പര്‍ക്കം പുലര്‍ത്തുന്നു, ഒപ്പം ഈ വിഷമഘട്ടത്തില്‍ അദ്ദേഹത്തിനും കുടുംബത്തിനും സാധ്യമായ എല്ലാ പിന്തുണയും നല്‍കും, ‘ആര്‍ആര്‍ ഫ്രാഞ്ചൈസി ട്വിറ്ററില്‍ കുറിച്ചു.

സാമ്പത്തികമായി വളരെ പിന്നോക്കം നില്‍ക്കുന്ന കുടുംബത്തില്‍ നിന്നും കഠിന പരിശ്രമത്തിലൂടെ ക്രിക്കറ്റ് ലോകത്ത് എത്തിയ താരമാണ് ചേതന്‍, അച്ഛന്‍ കാഞ്ചിഭായ് ഓട്ടോ ഡ്രൈവറായിരുന്നു. മാസങ്ങള്‍ക്കുള്ളില്‍ ചേതന്റെ കുംടുംബത്തില്‍ സംഭവിക്കുന്ന രണ്ടാമത്തെ ദുരന്തമാണ് പിതാവിന്റ മരണം.

ഈ വര്‍ഷം ആദ്യമാണ് സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ചേതന്‍ പങ്കെടുക്കുന്നതിനിടെ സഹോദരന്‍ രാഹുല്‍ അത്മഹത്യ ചെയ്ത വാര്‍ത്ത എത്തിയത്. എന്നാല്‍ മത്സരത്തില്‍ നിന്നുള്ള ചേതന്റെ ശ്രദ്ധ പതറാതെ ഇരിക്കുന്നതിന് സഹോദരന്റെ മരണം ചേതനില്‍ നിന്ന് മറച്ചു വയ്‌ക്കേണ്ടി വന്നിരുന്നു. തുടര്‍ന്ന് മരണ വിവരം അറിഞ്ഞ ചേതന്‍ വളരെ മൂകനായി കാണപ്പെട്ടു. ഈ വിഷമഘട്ടത്തില്‍ ആണ് ചേതന് ഐപിഎല്ലിലേക്കുള്ള വിളി എത്തിയത്. സീസണില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ ചേതന് കഴിഞ്ഞിരുന്നു.