ഒരു ജനത ഒന്നാകെ മഹാമാരിയില്‍ തളര്‍ന്നിരിക്കുമ്പോള്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധ വിമര്‍ശനങ്ങളെ അടിച്ചമര്‍ത്താന്‍; ഓഗസ്‌റ്റോടെ ഇന്ത്യയിലെ കൊറോണ മരണങ്ങള്‍ 10 ലക്ഷം കടക്കും; രൂക്ഷ വിമര്‍ശനവുമായി ലാന്‍സെറ്റ്

ന്യൂഡെല്‍ഹി: ഒരു ജനത ഒന്നാകെ ഒരു മഹാമാരിയില്‍ തളര്‍ന്നിരിക്കുമ്പോള്‍ രാജ്യത്തെ പ്രധാനമന്ത്രി ശ്രദ്ധ ചെലുത്തുന്നത് വിമര്‍ശനങ്ങളെ അടിച്ചമര്‍ത്താനെന്ന് വിമര്‍ശനം. അന്താരാഷ്ട്ര മെഡിക്കല്‍ ജേണല്‍ ‘ലാന്‍സെറ്റ്’ ആണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്. കൊറോണ മഹാമാരിയെ പ്രതിരോധിക്കുന്നതിനേക്കാള്‍ പ്രധാനമന്ത്രി ശ്രദ്ധകൊടുത്തത് ട്വിറ്ററില്‍ ഉയരുന്ന വിമര്‍ശനങ്ങള്‍ ഇല്ലാതാക്കാനാണൈന്ന് പുതിയ ലക്കം ലാന്‍സെറ്റിന്റെ എഡിറ്റോറിയല്‍ പറയുന്നു.

അന്താരാഷ്ട്ര തലത്തില്‍ പ്രസിദ്ധിയുള്ള മെഡിക്കല്‍ ജേണലുകളിലൊന്നാണ് ബ്രിട്ടനില്‍ നിന്നു പ്രസിദ്ധീകരിക്കുന്ന ലാന്‍സെറ്റ്.

ഓഗസ്‌റ്റോടെ ഇന്ത്യയിലെ കൊറോണ മരണങ്ങള്‍ 10 ലക്ഷം കടക്കുമെന്നാണ് പഠനങ്ങള്‍ വിലയിരുത്തുന്നത്. അങ്ങനെ സംഭവിച്ചാല്‍ മഹാദുരന്തത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം മോദി സര്‍ക്കാരിനായിരിക്കുമെന്ന് ലാന്‍സെറ്റ് കുറ്റപ്പെടുത്തുന്നു. കൊറോണ സൂപ്പര്‍ സ്പ്രെഡ് ഉണ്ടാകുമെന്ന മുന്നറിയിപ്പുകള്‍ അവഗണിക്കുന്ന തരത്തിലാണ് മോദി പ്രവര്‍ത്തിച്ചതെന്നും ലാന്‍സെറ്റ് പറയുന്നു.

ലക്ഷണക്കണക്കിന് ജനങ്ങളെ ക്ഷണിച്ചു കൊണ്ട് രാഷ്ട്രീയ റാലികള്‍ നടത്തി. ആഘോഷങ്ങള്‍ക്ക് അനുമതി നല്‍കി. ഇത്തരത്തില്‍ സര്‍ക്കാര്‍ കാണിച്ച നിസ്സംഗത പുലര്‍ത്തുകയായിരുന്നുവെന്നും ലാന്‍സെറ്റ് ചൂണ്ടിക്കാട്ടുന്നു. ഇത് ആരോഗ്യ സംവിധാനത്തിന്റെ പരാജയമായും ലാന്‍സെറ്റ് വിലയിരുത്തുന്നു.

കൊറോണ രണ്ടാം തരംഗത്തെ സംബന്ധിച്ച മുന്നറിയിപ്പുകളും സര്‍ക്കാര്‍ പാടെ അവഗണിച്ചു. അപകടകരമായി ഘട്ടമില്ലെന്ന വിധത്തിലാണ് സര്‍ക്കാര്‍ പെരുമാറിയത്. ഇന്ത്യ ആര്‍ജ്ജിത പ്രതിരോധ ശേഷി നേടിയെന്ന തരത്തിലുള്ള വ്യാജ ബോധത്തിലായിരുന്നു. ഇത് തയ്യാറെടുപ്പുകളില്ലാതാക്കുകയും അലംഭാവത്തിന് കാരണമാവുകയും ചെയ്തു – ഇങ്ങിനെ പോകുന്നു ലാന്‍സെറ്റിന്റെ വിമര്‍ശനങ്ങള്‍.

വാക്‌സിന്‍ നയം സംബന്ധിച്ചും ലാന്‍സെറ്റ് വിമര്‍ശനം ഉന്നയിക്കുന്നുണ്ട്. സംസ്ഥാനങ്ങളോട് ആലോചിക്കാതെ വാക്‌സിന്‍ നയത്തില്‍ മാറ്റം വരുത്തിയെന്നതാണ് പ്രധാനമായും പറയുന്നത്. സംസ്ഥാന തലത്തിലെ വാക്സിനേഷന്‍ പദ്ധതികളെ ഇത് പ്രതിസന്ധിയിലാക്കി. വാക്സിനേഷന്‍ എത്രയും വേഗത്തില്‍ ഇന്ത്യയില്‍ നടപ്പിലാക്കണമെന്നും കൃത്യമായ വിവരങ്ങള്‍ പങ്കുവെക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ലാന്‍സെറ്റ് ആവശ്യപ്പെട്ടു.