വാട്‌സ്ആപ്പിൽ പ്രചരിച്ച വിഡിയോ ഷെയര്‍ ചെയ്തു; കവി സച്ചിദാനന്ദന് ഫെയ്‌സ്ബുക്കിൻ്റെ താത്ക്കാലിക വിലക്ക്

തിരുവനന്തപുരം: വാട്‌സ്ആപ്പില്‍ വ്യാപകമായി പ്രചരിച്ച വിഡിയോ ഷെയര്‍ കവി സച്ചിദാനന്ദന് ഫെയ്‌സ്ബുക്കിൻ്റെ താത്ക്കാലിക വിലക്ക്. ഫെയ്‌സ്ബുക്കിന്റെ കമ്യൂണിറ്റി സ്റ്റാന്‍ഡേര്‍ഡ്‌സ് ലംഘിച്ചതിനാണ് നടപടിയെന്ന് ഫേസ്ബുക്ക് അറിയിച്ചതായി സച്ചിദാനന്ദന്‍ പ്രതികരിച്ചു.

കേരളത്തിലെ ബിജെപിയുടെ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തില്‍ വാട്‌സ്ആപ്പില്‍ വ്യാപകമായി പ്രചരിച്ച വിഡിയോ ഷെയര്‍ ചെയ്തതാണ് വിലക്കിന് കാരണമെന്ന് സച്ചിദാനന്ദന്‍ അറിയിച്ചു. വിദ്വേഷപരമായ ഉള്ളടക്കമുള്ളതല്ല വിഡിയോയെന്നും താനടക്കമുള്ള ബിജെപിയുടെ വിമര്‍ശകര്‍ നിരീക്ഷണത്തിലുണ്ടെന്ന് കരുതുന്നതായും കേന്ദ്ര സര്‍ക്കാറും ഫെയ്‌സ്ബുക്കും ധരണയുണ്ടെന്ന് മനസ്സിലാക്കുന്നുവെന്നും സച്ചിദാനന്ദന്‍ പറഞ്ഞു.

ഇത്തരം അനുഭവങ്ങള്‍ മറ്റുപലര്‍ക്കും ഉണ്ടാകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 24 മണിക്കൂര്‍ വിലക്കാണ് സച്ചിദാനന്ദന്റെ അക്കൗണ്ടിനുള്ളത്. 30 ദിവസം ലൈവ് വിഡിയോയില്‍ പ്രത്യക്ഷപ്പെടാന്‍ കഴിയില്ലെന്നും നിബന്ധനയുണ്ട്.