ന്യൂഡെൽഹി: കൊറോണ വൈറസിനെതിരെ പൊരുതുന്ന രാജ്യത്തിന് സഹായവുമായി ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്തും. ഓക്സിജൻ സിലിണ്ടറുകൾ, കിടക്കകൾ, മെഡിക്കൽ കിറ്റുകൾ എന്നീ സൗകര്യങ്ങൾ ലഭ്യമാക്കാനാണ് പന്ത് സഹായിക്കുക.
രാജ്യത്തെ ചെറുപട്ടണങ്ങളിലും ഗ്രാമങ്ങളിലും കൊറോണ കാലത്ത് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപെട്ടിരിക്കുന്ന സന്നദ്ധ സംഘടനകൾക്കും പന്ത് സഹായം നൽകും. സമൂഹ മാധ്യമങ്ങൾ വഴിയാണ് പന്ത് ഇക്കാര്യം അറിയിച്ചത്. കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപെട്ട മുൻനിര പോരാളികളെ പന്ത് അഭിനന്ദിക്കുകയും ചെയ്തു. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിനും ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്ബരക്കുമുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ പന്ത് ഇടം നേടിയിരുന്നു.
നേരത്തെ ക്രിക്കറ്റ് താരങ്ങളായ സചിൻ ടെണ്ടുൽക്കർ, വിരാട് കോഹ്ലി, ശിഖർ ധവാൻ, പാറ്റ് കമ്മിൻസ്, ബ്രെറ്റ് ലീ എന്നിവർ സംഭാവനകളിലൂടെ കൊറോണ വൈറസിനെതിരായ പോരാട്ടത്തിൽ അണി ചേർന്നിരുന്നു.