മോസ്‌കോ ഒളിമ്പിക്‌സിലെ സ്വര്‍ണ മെഡല്‍ ജേതാവ് രവീന്ദര്‍ പാല്‍ സിങ് കൊറോണ ബാധിച്ചു മരിച്ചു

ലഖ്നൗ: മുൻ ഇന്ത്യൻ ഹോക്കി താരവും 1980 മോസ്കോ ഒളിമ്പിക്സിൽ സ്വർണ മെഡൽ നേടിയ ഇന്ത്യൻ ടീം അംഗവുമായിരുന്ന രവീന്ദർ പാൽ സിങ് (65) കൊറോണ ബാധിച്ചു മരിച്ചു. രണ്ടാഴ്ചയോളം കൊറോണയോട് പൊരുതി ശനിയാഴ്ച രാവിലെ ലഖ്നൗവിലായിരുന്നു അന്ത്യം.

കൊറോണ ബാധിച്ചതിനെ തുടർന്ന് ഇക്കഴിഞ്ഞ ഏപ്രിൽ 24-നാണ് താരത്തെ ലഖ്നൗവിലെ വിവേകാനന്ദ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച സ്ഥിതി വഷളായതിനെ തുടർന്ന് അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റി.

1979 മുതൽ 1984 വരെ ഇന്ത്യൻ ടീമിനായി സെൻട്രൽ ഹാഫ് പൊസിഷനിലാണ് അദ്ദേഹം കളിച്ചത്. 1980-ലെ മോസ്കോ ഒളിമ്പിക്സ് കൂടാതെ 1980, 1983 ചാമ്പ്യൻസ് ട്രോഫി, 1983-ൽ 10 രാജ്യങ്ങൾ പങ്കെടുത്ത ഹോങ്കോങ്ങിലെ സിൽവർ ജൂബിലി 10 നേഷൻ കപ്പ്, 1982-ലെ മുംബൈ ലോകകപ്പ്, 1982-ൽ കറാച്ചിയിൽ നടന്ന ഏഷ്യാ കപ്പ് തുടങ്ങിയ ടൂർണമെന്റുകളിൽ ഇന്ത്യൻ ടീമിനെ പ്രതിനിധീകരിച്ചിരുന്നു.