തിരുവനന്തപുരം: കൊറോണ വ്യാപനം ശക്തമായതോടെ എൻ 95 മാസ്കുകൾക്ക് വിലകൂടി. ഒപ്പം വ്യാജമാസ്കുകളുടെ വിൽപ്പനയും പെരുകി. സർക്കാർ സ്ഥാപനത്തിൽ 15 രൂപയ്ക്കു ലഭിക്കുന്ന എൻ 95 മാസ്ക് സ്വകാര്യ കടകളിൽ നിന്നു വാങ്ങുമ്പോൾ വില 100 രൂപയ്ക്കു മേലെ വില നൽകണം.
സർജിക്കൽ മാസ്ക്കും തുണി മാസ്ക്കും ചേർത്ത് ഇരട്ട മാസ്ക് ഉപയോഗിക്കണമെന്ന നിർദേശം വന്നതോടെ, രണ്ടു രൂപയുടെ സർജിക്കൽ മാസ്ക്കിനു വില കുത്തനെ ഉയർന്നു. പലയിടത്തും പല വില.
തിരുവനന്തപുരം മെഡിക്കൽ കോളജ് വളപ്പിൽ സ്ഥിതി ചെയ്യുന്ന സർക്കാർ സ്ഥാപനമായ എസ്എടി ഡ്രഗ് ഹൗസിൽ എൻ 95 മാസ്ക്കിന് ഇന്നലെ വില 15 രൂപ. കമ്പനി നൽകുന്നതു 14.80 രൂപ നിരക്കിൽ. മാസ്ക്കിന് ഇന്നു മുതൽ 17.80 രൂപ നൽകണമെന്നു കമ്പനി ആവശ്യപ്പെട്ടിട്ടുണ്ട്. വിൽപന 18 രൂപയ്ക്ക്.
ഇതേ കമ്പനി മെഡിക്കൽ സ്റ്റോറുകളിലും മറ്റു വ്യാപാര സ്ഥാപനങ്ങളിലും മാസ്ക് നൽകുമ്പോൾ 40 രൂപയോളം ഈടാക്കും. അവർ വിൽക്കുന്നതാകട്ടെ 100 രൂപ വരെ നിരക്കിൽ. ചിലർ ഇതിലും കൂടുതലും ഈടാക്കുന്നുണ്ട്. ഈ എൻ 95 മാസ്ക് കഴുകി 5 തവണ വരെ ഉപയോഗിക്കാം.
ഇതിനൊപ്പം നിരവധി വ്യാജമാസ്കുകളും വിപണിയിലെത്തിയിട്ടുണ്ട്. മാസ്കിൽ കമ്പനിയുടെ പേര്, ബാച്ച് നമ്പർ, കാലാവധി എന്നിവ രേഖപ്പെടുത്താത്ത മാസ്ക്കുകളാണ് വ്യാജ മാസ്കുകൾ. ആദ്യ കൊറോണ വ്യാപന കാലത്ത് വ്യാജ മാസ്കുകൾ പലയിടത്തും പിടികൂടിയിരുന്നു. എന്നാൽ ഇത്തവണ അത്ര കർശനമല്ലാത്തത് വ്യാജൻമാർ മുതലാക്കുകയാണ്.
കൊറോണ വൈറസ് വ്യാപനം ശക്തമായിരിക്കെ ആവശ്യക്കാർ ഏറെയുള്ള പൾസ് ഓക്സിമീറ്ററിനും പിപിഇ കിറ്റിനുമൊക്കെ വില ഈടാക്കുന്നതും ഇതേ മട്ടിൽ. ഒരേ കമ്പനികൾ പല വില ഈടാക്കുമ്പോൾ നിയന്ത്രിക്കാൻ ആരുമില്ല.
ഡ്രഗ് ഹൗസിൽ പൾസ് ഓക്സിമീറ്ററിനു നേരത്തേ 550 രൂപയായിരുന്നു. കമ്പനികൾ കരണം മറിഞ്ഞതിനാൽ ഇപ്പോൾ 950 രൂപയാക്കി. പുറത്ത് 1200 രൂപയ്ക്കു ഓക്സിമീറ്ററുകൾ ലഭിച്ചിരുന്നെങ്കിൽ ഇപ്പോൾ ദിവസങ്ങൾക്കകം 2500 രൂപ കടന്നു.
ഡ്രഗ് ഹൗസിൽ 250 മുതൽ 270 രൂപ വരെയാണ് പിപിഇ കിറ്റിന്റെ വില. ആരോഗ്യ പ്രവർത്തകർ ഒരു കിറ്റ് പരമാവധി 4 മണിക്കൂറേ ഉപയോഗിക്കാറുള്ളൂ. പിന്നീട് ഉപേക്ഷിക്കും. സ്വകാര്യ ആശുപത്രികൾ 2 ദിവസത്തെ പിപിഇ കിറ്റിനു 17,000 രൂപവരെ ഈടാക്കുന്നെന്നു ഹൈക്കോടതി കുറ്റപ്പെടുത്തിയിരുന്നു. പിപിഇ കിറ്റിന് 1000 രൂപ ഈടാക്കാൻ സർക്കാരും അനുമതി നൽകിയിട്ടുണ്ട്. കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയിൽ (കാസ്പ്) ഉൾപ്പെട്ട 179 സ്വകാര്യ ആശുപത്രികൾക്കുള്ള കൊറോണ ചികിത്സ പാക്കേജിലാണ് ഈ നിരക്ക്.