മുംബൈ: കൊറോണ വ്യാപന പശ്ചാതലത്തിൽ രാജ്യത്ത് പുതിയ കമ്പനികളുടെ രജിസ്ട്രേഷനിൽ ഏപ്രിൽ മാസം 27 ശതമാനം ഇടിവ്. മാർച്ചിൽ റെക്കോഡ് നിലവാരത്തിലെത്തിയശേഷമാണ് കൊറോണ വ്യാപനത്തെ തുടർന്ന് ഏപ്രിലിലെ രജിസ്ട്രേഷൻ ഇടിഞ്ഞിരിക്കുന്നത്.
അതേസമയം, 2020 ഏപ്രിലുമായി താരതമ്യം ചെയ്യുമ്പോൾ കമ്പനി രജിസ്ട്രേഷനിൽ നാലു മടങ്ങു വർധനയുണ്ടായിട്ടുണ്ട്. കോവിഡ് ലോക്ഡൗണിലായിരുന്ന 2020 ഏപ്രിലിൽ 3209 കമ്പനികളാണ് രജിസ്റ്റർ ചെയ്തത്. ഇത്തവണയിത് 12,554 എണ്ണമായി ഉയർന്നതായി കേന്ദ്ര കോർപ്പറേറ്റ്കാര്യ മന്ത്രാലയത്തിന്റെ കണക്കുകളിൽ പറയുന്നു. 2021 മാർച്ചിൽ 17,324 കമ്പനികൾ രജിസ്റ്റർ ചെയ്തിരുന്നു. 23 ശതമാനമായിരുന്നു വർധന.
ന്യൂഡൽഹി, മുംബൈ, പുണെ, ബെംഗളൂരു, ചെന്നൈ, കൊൽക്കത്ത തുടങ്ങി ആറ് പ്രധാന നഗരങ്ങളിൽ കൊറോണ വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ രാജ്യത്തെ വ്യവസായ പ്രവർത്തനങ്ങൾ കുറഞ്ഞിട്ടുണ്ടെന്ന് നാഷണൽ കൗൺസിൽ ഓഫ് അപ്ലൈഡ് ഇക്കണോമിക് റിസർച്ചിലെ സീനിയർ ഫെലോ ബോർനാലി ഭണ്ഡാരി പറയുന്നു.
ഈ നഗരങ്ങളിൽനിന്നാണ് കൂടുതൽ കമ്പനി രജിസ്റ്റർ ചെയ്യാറുള്ളത്. നിലവിലെ സാഹചര്യത്തിൽ 2022 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ പുതിയ കമ്പനികളുടെ രജിസ്ട്രേഷനുകൾ കുറയാനാണ് സാധ്യതയെന്നും അദ്ദേഹം പറയുന്നു.2020-ലെ കോവിഡ് ലോക്ഡൗണിനു ശേഷം ജൂലായിലാണ് കമ്പനി രജിസ്ട്രേഷനിൽ കാര്യമായ പുരോഗതിയുണ്ടായത്. ജൂലായിൽ 16,487 പുതിയ കമ്പനികൾ രജിസ്റ്റർ ചെയ്തിരുന്നു.
ഏഴു വർഷത്തെ ഉയർന്ന നിലവാരമാണിത്. തുടർന്ന് ഓഗസ്റ്റ്, സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലും 16,000-നു മുകളിൽ രജിസ്ട്രേഷനുകളുണ്ടായി. എന്നാൽ നവംബറിലിത് 13,453 എണ്ണമായി കുറഞ്ഞു. 2020-21 സാമ്പത്തിക വർഷം ആകെ 1.55 ലക്ഷം കമ്പനികളാണ് രജിസ്റ്റർ ചെയ്തതെന്ന് കഴിഞ്ഞ മാസം കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ട്വിറ്ററിൽ വ്യക്തമാക്കിയിരുന്നു.