സംസ്ഥാനത്തേക്ക് കേന്ദ്രത്തിൻ്റെ നാല് ലക്ഷം ഡോസ് ‌കൊവിഷീൽഡ് വാക്‌സീൻ എത്തി

തിരുവനന്തപുരം: സംസ്ഥാനത്തേക്ക് കേന്ദ്രസർക്കാരിൽ നിന്ന് നാല് ലക്ഷം ഡോസ് ‌കൊവിഷീൽഡ് വാക്‌സീൻ ഇന്ന് തിരുവനന്തപുരത്തെത്തിച്ചു. നാളെ എറണാകുളം, കോഴിക്കോട് മേഖലകളിലേക്ക് വാക്‌സീൻ കൈമാറും.

75000 ഡോസ് കൊവാക്സീനും പുതിയതായി കേരളത്തിലെത്തിയിരുന്നു. അതേസമയം, പതിനെട്ട് വയസിന് മുകളിലുള്ളവരുടെ വാക്സീനേഷന്‍ സംബന്ധിച്ച് കേന്ദ്രത്തില്‍ നിന്നൊരു നിര്‍ദേശവും കിട്ടിയിട്ടുമില്ല. കൊവാക്സീനും കൊവിഷീൽഡും ഉൾപ്പെടെ ആകെ 2 ലക്ഷം ഡോസ് വാക്സീനാണ് സംസ്ഥാനത്ത് ഉണ്ടായിരുന്നത്.

പല ജില്ലകളിലും നല്‍കിയിട്ടുള്ളത് വളരെ കുറച്ച് ഡോസ് വാക്സീൻ മാത്രമാണ്. ഇന്ന് കൂടുതല്‍ കേന്ദ്രങ്ങളിൽ വാക്സീനേഷൻ നടന്നതിനാൽ ആകെ ഉള്ള വാക്സീനില്‍ നല്ലൊരു പങ്കും ഉടൻ തീരും. ഈ സാഹചര്യത്തിലാണ് നാല് ലക്ഷം ഡോസ് കൊവിഷീൽഡ് വാക്സീൻ കേരളത്തിലെത്തിയത്.

കൊറോണ വാക്സീൻ നൽകേണ്ട ഉത്തരവാദിത്തം കേന്ദ്രസർക്കാരിനാണെന്ന് മുഖ്യമന്ത്രി ഇന്നും ആവർത്തിച്ച് പറഞ്ഞു. അതിൽ നിന്ന് ഒഴിഞ്ഞുമാറുന്നത് ഒരു തരത്തിലും ശരിയല്ല. 18 മുതൽ വാക്സീൻ നൽകുമെന്ന് പ്രഖ്യാപിച്ചത് പ്രാവർത്തികമാക്കാനുള്ള നടപടി കേന്ദ്രം സ്വീകരിക്കണം. കേരളത്തിന് ലഭിച്ച വാക്സീൻ മുഴുവൻ നല്ല രീതിയിൽ ഉപയോ​ഗിച്ചു. ഒരു കോടി ഡോസ് വാക്സീൻ വാങ്ങുന്ന കാര്യത്തെക്കുറിച്ചുള്ള മാധ്യപ്രവർത്തകരുടെ ചോദ്യത്തിന് വാക്സീൻ ലഭ്യമാക്കാൻ പരമാവധി ശ്രമിക്കുന്നുണ്ട് എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.