മുംബൈ: നഷ്ടത്തിൽനിന്ന് കരകയറി ഓഹരി സൂചികകൾ. സെൻസെക്സിലെ നഷ്ടം 604 പോയന്റിൽനിന്ന് 64ആയി ചുരുങ്ങി.
മെറ്റൽ ഓഹരികളിലെ കുതിപ്പാണ് സൂചികകൾക്ക് കരുത്തായത്. 48,718ലാണ് സെൻസെക്സ് ക്ലോസ്ചെയ്തത്. നിഫ്റ്റിയാകട്ടെ 3.10 പോയന്റ് നഷ്ടത്തിൽ 14,634.20ലും വ്യാപാരം അവസാനിപ്പിച്ചു.
ടൈറ്റാൻ കമ്പനി, റിലയൻസ്, ഇൻഡസിൻഡ് ബാങ്ക്, ആക്സിസ് ബാങ്ക്, ബിപിസിഎൽ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലായത്. എസ്ബിഐ ലൈഫ് ഇൻഷുറൻസ്, ഭാരതി എയർടെൽ, അദാനി പോർട്സ്, ടാറ്റ സ്റ്റീൽ, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കുകയുംചെയ്തു.
മെറ്റൽ സൂചിക രണ്ടുശതമാനത്തിലേറെയും എഫ്എംസിജി ഒരുശതമാനത്തോളവും ഉയർന്നു. അതേസമയം, ബാങ്ക്, എനർജി സൂചികകൾ സമ്മർദംനേരിട്ടു. ബിഎസ്ഇ സ്മോൾ ക്യാപ്, മിഡ്ക്യാപ് സൂചികകളും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.