വെടിനിർത്തൽ കരാർ ലംഘിച്ച്‌ പാകിസ്ഥാൻ്റെ അതിക്രമം

ശ്രീനഗർ: അതിർത്തിയിൽ വെടിനിർത്തൽ കരാർ ലംഘിച്ച്‌ പാകിസ്ഥാൻ. ജമ്മു കാശ്മീരിലെ സാംബാ ജില്ലയിലാണ് സംഭവം. വെടിവെപ്പിൽ സുരക്ഷാ ഉദ്യോഗസ്ഥരിൽ ആർക്കും പരിക്കേറ്റിട്ടില്ല. അതേസമയം കരാർ ലംഘിച്ചുകൊണ്ട് ഇന്ത്യ പ്രത്യാക്രമണം നടത്തിയിട്ടില്ലെന്നും സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു.

രാംഗർ സെക്ടറിലാണ് പാകിസ്ഥാൻ വെടിവെപ്പ് നടത്തിയത്. വെടിനിർത്തൽ കരാർ സംബന്ധിച്ച്‌ ധാരണയായതിന് പിന്നാലെയാണ് പ്രകോപനം സൃഷ്ടിച്ചുകൊണ്ട് പാകിസ്താൻ കരാർ ലംഘനം നടത്തിയത്.

ഫെബ്രുവരി 25 നാണ് വെടിനിർത്തൽ കരാറിൽ ഒപ്പിട്ടത്. ഇതാദ്യമായാണ് കരാറുമായി ബന്ധപ്പെട്ട് ഇന്ത്യയും പാകിസ്ഥാനും ധാരണയായതിനു ശേഷം പ്രകോപനം സൃഷ്ടിക്കുന്നത്.പാകിസ്താനിലെ ടിപ്പു, ഹുസൈൻ എന്നീ പോസ്റ്റുകളിൽ നിന്നും പാക് റേഞ്ചേഴ്സാണ് ചെറിയ ആയുധങ്ങൾ ഉപയോഗിച്ച്‌ വെടിവെപ്പ് നടത്തിയത് എന്നാണ് ഇന്റലിജൻസ് ഉദ്യോഗസ്ഥരുടെ കണ്ടെത്തൽ.