ന്യൂഡെല്‍ഹി: സിബിഎസ്ഇ പത്താം ക്ലാസ് മാര്‍ക്ക് വിതരണത്തിന് ഉള്ള മൂല്യനിര്‍ണയത്തിന്റെ രൂപരേഖ പുറത്തിറക്കി. പുറത്തിറക്കിയ രൂപരേഖ അനുസരിച്ച് ഓരോ വിഷയത്തിനും പരമാവധി നൂറ് മാര്‍ക്കാണ് നല്‍കുന്നത്. ഇതില്‍ 20 മാര്‍ക്കിനുള്ള ഇന്റേണല്‍ അസെസ്‌മെന്റും തുടര്‍ന്ന് ഓരോ വിഷയത്തിലും ക്ലാസ് പരീക്ഷകള്‍ അടിസ്ഥാനപ്പെടുത്തി ബാക്കി 80 മാര്‍ക്കും.
മാര്‍ക്കുകള്‍ രേഖപ്പെടുത്തുന്നതില്‍ പക്ഷാപാതമില്ലെന്ന് ഉറപ്പുവരുത്തണമെന്നും സിബിഎസ്ഇ നിര്‍ദ്ദേശിക്കുന്നു. ബോര്‍ഡ് പരീക്ഷകള്‍ റദ്ദാക്കിയതിനാല്‍ 80 മാര്‍ക്ക് രേഖപ്പെടുത്തുന്നതിന് അധ്യായന കാലയളവില്‍ സ്‌കൂളുകള്‍ തന്നെ നടത്തിയ പരീക്ഷളുടെ ഫലം വിനിയോഗിക്കാം. സ്‌കൂളുകള്‍ രേഖപ്പെടുത്തുന്ന മാര്‍ക്ക് മുന്‍കാലങ്ങളിലെ പരീക്ഷകളുടെ ഫലങ്ങളുമായി യോജിക്കുന്നതായിരിക്കണമെന്നും രൂപരേഖയില്‍ പറയുന്നു.
മാര്‍ക്ക് ദാനത്തില്‍ ക്രമക്കേട് ഉണ്ടായാല്‍ സ്‌കൂളുകളുടെ അഫിലിയേഷന്‍ റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കുമെന്നും സിബിഎസ്ഇ മുന്നറിയിപ്പ് നല്‍കുന്നു. ഫലം ജൂണ്‍ 20 ന് അകം പ്രഖ്യാപിക്കുമെന്നും സിബിഎസ്ഇ അറിയിച്ചു.