കൊടകര കുഴൽപണ കവർച്ച കേസ്; രണ്ട് മുഖ്യപ്രതികൾ പിടിയിലായി

തൃശൂർ: കൊടകര കുഴൽപണ കേസിൽ രണ്ട് പേർ ഇന്ന് കണ്ണൂരിൽ പിടിയിലായി. ഇവർ കേസിൽ മുഖ്യപ്രതികളാണ്. മുഹമ്മദ് അലി, അബ്‌ദുൾ റഷീദ് എന്നിവരാണ് പിടിയിലായത്. ഇവരെ കൊടകര സ്‌റ്റേഷനിലെത്തിച്ച്‌ പൊലീസ് ചോദ്യം ചെയ്‌തു. കുഴൽപണം കടത്തുന്ന വിവരം കവർച്ച നടത്തിയ സംഘത്തിന് ചോർത്തി നൽകിയത് അബ്‌ദുൾ റഷീദാണ്. ഇതിന് ഇവർക്ക് 5 ലക്ഷം രൂപ പ്രതിഫലവും ലഭിച്ചു.

3.5 കോടി രൂപ കവർന്ന സംഘം ഇതിൽ നിന്ന് 45 ലക്ഷം രൂപയുടെ ഇടപാടും നടത്തി. കുഴൽപണം കാർ ഡ്രൈവർക്ക് നൽകിയ ധർമ്മരാജൻ ആർ.എസ്.എസ് പ്രവർത്തകനാണെന്ന് മുൻപ് പൊലീസ് വെളിപ്പെടുത്തിയിരുന്നു. ഇയാൾക്ക് പണം നൽകിയവരെ കുറിച്ച്‌ അന്വേഷിക്കുകയാണെന്നും തൃശൂർ എസ്.പി ജി.പൂങ്കുഴലി അറിയിച്ചിരുന്നു.

കോഴിക്കോട്ടെ അബ്‌കാരിയായ ധർമ്മരാജൻ പരാതിയിൽ പറഞ്ഞതിലും കൂടുതൽ പണം പിടിച്ചെടുത്തിട്ടുണ്ടെന്നും എസ്‌പി അറിയിച്ചിരുന്നു. കൊടകരയിൽ വ്യാജ വാഹനാപകടമുണ്ടാക്കി 25 ലക്ഷം രൂപ തട്ടിയെടുത്തു എന്നായിരുന്നു ധർമ്മരാജൻ നൽകിയ പരാതി.

ധർമ്മരാജന് പണം നൽകിയത് യുവമോർച്ച മുൻ ഭാരവാഹിയായ സുനിൽ നായിക്കാണെന്ന് മൊഴി പുറത്തുവന്നിട്ടുണ്ട്. സുനിലിനെ ഇക്കാര്യത്തിൽ പൊലീസ് ചോദ്യം ചെയ്‌തിരുന്നു. പൊലീസ് കഴിഞ്ഞദിവസം ഏഴുപേരെ അറസ്‌റ്റ് ചെയ്യുകയും അഞ്ചുപേർക്കായി ലുക്ക്‌ഔട്ട് നോട്ടീസ് നൽകുകയും ചെയ്‌തിരുന്നു. ഇതിനിടെയാണ് ഇന്ന് രണ്ട് മുഖ്യപ്രതികളെ പിടികൂടിയിരിക്കുന്നത്