ക്വിന്റണ്‍ ഡി കോക്കിന്റെ മികവില്‍ രാജസ്ഥാന്‍ റോയല്‍സിനെ 7 വിക്കറ്റിന് തോല്‍പ്പിച്ച് മുംബൈ ഇന്ത്യന്‍സ്

മുംബൈ: രാജസ്ഥാന്‍ റോയല്‍സിനെതിരെ മുംബൈ ഇന്ത്യന്‍സിന് അനായാസ ജയം. 7 വിക്കറ്റിനാണ് മുംബൈ ഇന്ത്യന്‍സ് രാജസ്ഥാന്‍ റോയല്‍സിനെ കീഴ്‌പ്പെടുത്തിയത്. രാജസ്ഥാന്‍ റോയല്‍സ് മുന്നോട്ടുവച്ച 172 റണ്‍സ് വിജയലക്ഷ്യം 18.3 ഓവറില്‍ 3 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മുംബൈ മറികടക്കുകയായിരുന്നു. 70 റണ്‍സെടുത്ത ക്വിന്റണ്‍ ഡികോക്കാണ് മുംബൈയുടെ ടോപ്പ് സ്‌കോറര്‍. രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി ക്രിസ് മോറിസ് 2 വിക്കറ്റ് വീഴ്ത്തി.

ടൂര്‍ണമെന്റില്‍ ആദ്യമായി ഫോമിലെത്തിയ ക്വിന്റണ്‍ ഡികോക്കാണ് മുംബൈ സ്‌കോറിംഗിനെ നയിച്ചത്. ടൈമിങ് കണ്ടെത്താന്‍ ബുദ്ധിമുട്ടിയ രോഹിത് ശര്‍മ്മ (14) പവര്‍പ്ലേയിലെ അവസാന ഓവറില്‍ പുറത്തായി. ക്രിസ് മോറിസിനായിരുന്നു വിക്കറ്റ്. സൂര്യകുമാര്‍ യാദവും (16) വേഗം മടങ്ങി. മോറിസാണ് സൂര്യയെയും പുറത്താക്കിയത്.

മൂന്നാം വിക്കറ്റില്‍ കൃണാല്‍ പാണ്ഡ്യയും ക്വിന്റണ്‍ ഡികോക്കും തമ്മില്‍ ഉയര്‍ത്തിയ കൂട്ടുകെട്ടാണ് രാജസ്ഥാനെ മത്സരത്തില്‍ നിന്ന് പൂര്‍ണമായും പുറത്താക്കിയത്. ഡികോക്കിനെപ്പോലും കാഴ്ചക്കാരനാക്കി അനായാസം ബൗണ്ടറികള്‍ കണ്ടെത്തിയ കൃണാല്‍ മുംബൈയെ പോള്‍ പൊസിഷനില്‍ നിര്‍ത്തി. ഇതിനിടെ ഡികോക്ക് ഫിഫ്റ്റി തികച്ചു. 39 റണ്‍സെടുത്ത കൃണാലിലെ പുറത്താക്കിയ മുസ്തഫിസുര്‍ ഈ കൂട്ടുകെട്ട് പൊളിച്ചു. 63 റണ്‍സിന്റെ കൂട്ടുകെട്ടിനൊടുവിലാണ് കൃണാല്‍ മടങ്ങിയത്.

പിന്നാലെയെത്തിയ പൊള്ളാര്‍ഡും അനായാസം ബൗണ്ടറികള്‍ കണ്ടെത്തിയതോടെ മുംബൈ ജയത്തിലേക്ക് കുതിച്ചു. പൊള്ളാര്‍ഡും (16) ഡികോക്കും (70) ചേര്‍ന്ന് മുംബൈയെ വിജയിപ്പിക്കുകയായിരുന്നു.