ഓഖി പുനരധിവാസ പദ്ധതി; കേന്ദ്രം നല്‍കിയ ധനസഹായം സംസ്ഥാന സര്‍ക്കാര്‍ പാഴാക്കി; വിവരാവകാശരേഖ പുറത്ത്

കൊച്ചി: ഓഖി പുനരധിവാസ പദ്ധതി കാര്യക്ഷമമായി നടപ്പാക്കിയെന്ന സംസ്ഥാന സർക്കാരിൻ്റെ അവകാശവാദം പൊളിക്കുന്ന വിവരാവകാശ രേഖ പുറത്ത്. ഓഖി ദുരന്തത്തില്‍ ജീവനോപാധികള്‍ നഷ്ടപ്പെട്ട മല്‍സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കാന്‍ കേന്ദ്രം നല്‍കിയ ധനസഹായം സംസ്ഥാന സര്‍ക്കാര്‍ പാഴാക്കിയതിൻ്റെ കണക്കാണ് പുറത്തു വന്നിരിക്കുന്നത്. പുനരധിവാസത്തിൻ്റെ ഭാഗമായി 120 ഫൈബര്‍ ബോട്ടുകള്‍ വിതരണം ചെയ്യാന്‍ ലക്ഷ്യമിട്ട് 1.94 കോടി രൂപയാണ് കേന്ദ്രം നല്‍കിയത്.

ഇതില്‍ സംസ്ഥാനം ചെലവിട്ടത് 79 ലക്ഷം രൂപ മാത്രം. ദുരന്തം ഏറെ ബാധിച്ച തിരുവനന്തപുരത്ത് അനുവദിച്ച 75 ബോട്ടുകളില്‍ 35 ബോട്ടുകള്‍ മാത്രമാണ് ഇതുവരെ സര്‍ക്കാര്‍ നല്‍കിയത്. ഓഖി ദുരന്തമുണ്ടായപ്പോള്‍ 416 കോടിയുടെ അടിയന്തര സഹായം കേന്ദ്രം വാഗ്ദാനം ചെയ്‌തെങ്കിലും നല്‍കിയില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ വിമര്‍ശനമുയര്‍ത്തിയിരുന്നു.

നാലുപേര്‍ വീതമടങ്ങുന്ന മല്‍സ്യത്തൊഴിലാളികളുടെ ഗ്രൂപ്പുകള്‍ക്ക് 120 എഫ്.ആര്‍.പി. ബോട്ടുകള്‍ നല്‍കുന്ന പദ്ധതിയാണ് ഇഴഞ്ഞുനീങ്ങുന്നത്. 32 അടി നീളമുള്ള ബോട്ടുകളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നല്‍കാന്‍ നിശ്ചയിച്ചിരുന്നത്.
തിരുവനന്തപുരം ജില്ലയില്‍ 100 ബോട്ടുകളെങ്കിലും നല്‍കിയാല്‍ മാത്രമേ തൊഴിലാളികള്‍ക്കുണ്ടായ നാശനഷ്ടം നികത്താന്‍ കഴിയൂവെന്ന് ഇതുസംബന്ധിച്ച കണക്കുകള്‍ ശേഖരിച്ച വിവരാവകാശ പ്രവര്‍ത്തകന്‍ കെ. ഗോവിന്ദന്‍ നമ്പൂതിരി വ്യക്തമാക്കി.

2017 ലുണ്ടായ ഓഖി ചുഴലിക്കാറ്റില്‍ കടലില്‍ മരണമടഞ്ഞത് 51 മലയാളികളാണെന്നാണ് സര്‍ക്കാരിന്റെ കണക്ക്. മടങ്ങിയെത്താത്ത മല്‍സ്യത്തൊഴിലാളികള്‍ ഇതിനു പുറമേ. മരിച്ചവരില്‍ 49 പേരും തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ളവരാണ്. ഓഖിയെത്തുടര്‍ന്ന് തീരദേശത്തിന് സമഗ്ര പാക്കേജ് പ്രഖ്യാപിച്ചെങ്കിലും പദ്ധതികൾ പലതും വാക്കുകളിലൊതുങ്ങി.