തിരുവനന്തപുരം: മദ്യം ആവശ്യക്കാരന് വീട്ടിലെത്തിച്ച് നൽകി വിൽപ്പന നടത്താനുള്ള ബിവറേജസ് കോർപറേഷന്റെ നീക്കം ഉടൻ നടപ്പാകില്ല. ഇത്തരമൊരു തീരുമാനമെടുത്തിട്ടില്ലെന്നു മന്ത്രി ടി.പി.രാമകൃഷ്ണൻ വ്യക്തമാക്കി. സർക്കാർ തീരുമാനമനുസരിച്ച് മദ്യം ഹോം ഡെലിവറിയായി നൽകാനായിരുന്നു ബെവ്‌കോയുടെ ആലോചന.
എറണാകുളം, തിരുവനന്തപുരം നഗരങ്ങളിൽ പ്രീമിയം ബ്രാൻഡുകൾ ഓൺലൈൻ മുഖേനയുള്ള ഓർഡനനുസരിച്ച് വീടുകളിലെത്തിക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. ഇതുസംബന്ധിച്ച് ബെവകോ എംഡി യോഗേഷ് ഗുപ്ത ഉടൻ സർക്കാരിനു ശിപാർശ നൽകാൻ തയാറെടുക്കുന്നതിനിടെയാണു മന്ത്രി നിലപാട് വ്യക്തമാക്കിയത്. ഇതുസംബന്ധിച്ച് നിലവിൽ തീരുമാനമെടുത്തിട്ടില്ലെന്നും ഇത് സർക്കാർ നയത്തിന്റെ ഭാഗമായി തീരുമാനിക്കേണ്ട കാര്യമാണെന്നും മന്ത്രി പറഞ്ഞു.
ബിവറേജസ് കോർപറേഷന്റെ വൈബ്‌സൈറ്റ് പരിഷ്‌കരിച്ച് ഇതിലൂടെ ബുക്കിങ് സ്വീകരിച്ച് വീടുകളിൽ മദ്യം എത്തിക്കാനായിരുന്നു ആലോചന. അതേസമയം, സംസ്ഥാനത്ത് പുതിയ സർക്കാർ അധികാരത്തിലെത്താനിരിക്കെ മദ്യം വീടുകളിൽ എത്തിക്കുന്നതിനു അനുമതി നൽകാൻ സാധ്യതയില്ലെന്നാണു വിലയിരുത്തൽ. ഹോം ഡെലിവറിക്കായി എക്‌സൈസ് നിയമത്തിൽ ഭേദഗതി വരുത്തണം. നിലവിൽ ഒരാൾക്കു കൈവശം വയ്ക്കാവുന്ന മദ്യത്തിന്റെ അളവ് മൂന്നു ലിറ്ററാണ്. ഹോം ഡെലിവറി പ്രാവർത്തികമാക്കാൻ വിതരണം ചെയ്യുന്നയാൾക്കു കൂടുതൽ അളവ് മദ്യം കൈവശം വയ്‌ക്കേണ്ടിവരും. ഇതുകാരണം അബ്കാരി ഷോപ്പ് ഡിസ്‌പോസൽ റൂളിലും ഭേദഗതി വരുത്തണം.
അബ്കാരി ആക്ടിൽ ഭേദഗതി വരുത്തി മന്ത്രിസഭായോഗം ചേർന്ന് ഓർഡിനൻസ് തീരുമാനമെടുക്കണം. തുടർന്ന് ഗവർണറുടെ അനുമതി വാങ്ങണം. എന്നാൽ നിലവിലെ സർക്കാർ ഇനി ഏതാനു ദിവസങ്ങൾ മാത്രമാണ് അധികാരത്തിലുള്ളത്. മാത്രമല്ല, ഇത്തരം കാര്യങ്ങളിൽ കാവൽ സർക്കാരിനു നയപരമായി തീരുമാനെമടുക്കാനാകില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.