തൃശ്ശൂർ: കീഴ് ശാന്തിക്ക് കൊറോണ സ്ഥിരീകരിച്ചതിനാൽ തൃശ്ശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ക്ഷേത്രത്തിലേക്ക് മൂന്നു ദിവസത്തേക്ക് ഭക്തർക്ക് പ്രവേശനമില്ല. പ്രസാദ വിതരണം ഒരാഴ്ചത്തേക്ക് ഉണ്ടാവില്ലെന്ന് ക്ഷേത്രം അധികൃതർ അറിയിച്ചു.
തൃശൂർ ജില്ലയിൽ ഇന്ന് 2416 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു; 861 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 21,022 ആണ്. തൃശ്ശൂർ സ്വദേശികളായ 116 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 1,32,554 ആണ്. 1,10,877 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാർജ്ജ് ചെയ്തത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 22.90 % ആണ്.
കൂടാതെ സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 11 പേർക്കും, 6 ആരോഗ്യ പ്രവർത്തകർക്കും, ഉറവിടം അറിയാത്ത 7 പേർക്കും രോഗബാധ ഉണ്ടായിട്ടുണ്ട്. രോഗ ബാധിതരിൽ 60 വയസ്സിനുമുകളിലുള്ള 156 പുരുഷൻമാരും 143 സ്ത്രീകളും പത്ത് വയസ്സിനു താഴെയുള്ള 88 ആൺകുട്ടികളും 65 പെൺകുട്ടികളുമുണ്ട്. 2891 പേർ പുതിയതായി ചികിത്സയിൽ പ്രവേശിച്ചതിൽ 324 പേർ ആശുപത്രിയിലും 2567 പേർ വീടുകളിലുമാണ്.
കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരം പൊൻമുടി വിനോദ സഞ്ചാര കേന്ദ്രത്തിൽ വിനോദ സഞ്ചാരികളെ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ കടത്തിവിടില്ലെന്ന് പാലോട് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ അറിയിച്ചു.