ബെയ്ജിംഗ്: കൊറോണ പ്രതിരോധത്തിന് ചൈന ഇന്ത്യയ്ക്ക് എല്ലാ പിന്തുണയും സഹായവും വാഗ്ദാനം ചെയ്തതിന് പിന്നാലെ ഇന്ത്യയിലേക്കുള്ള എല്ലാ കാർഗോ വിമാനങ്ങളും നിർത്തിവച്ച് ചൈനീസ് എയർലൈൻസ്. ചൈനയിലെ സിചുവാൻ എയർലൈൻസാണ് ഇന്ത്യയിലേക്കുള്ള എല്ലാ കാർഗോ വിമാനങ്ങളും 15 ദിവസത്തേക്ക് നിര്‍ത്തിവച്ചത്. സിചുവാൻ എയർലൈൻസിൻ്റെ ഭാഗമായ സിചുവാൻ ചുവാൻഹാംഗ് ലോജിസ്റ്റിക് ലിമിറ്റഡ് തിങ്കളാഴ്ച സെയിൽസ് ഏജൻറുമാർക്ക് അയച്ച കത്തിലാണ് ഇക്കാര്യം അറിയിച്ചത്.
സിയാനിൽ നിന്നും ഡെൽഹിയിലേക്കടക്കമുള്ള ആറ് റൂട്ടുകളിൽ സർവീസ് നിർത്തിവച്ചിരിക്കുന്നതായി കത്തിൽ പറയുന്നു. ഓക്സിജൻ കോൺസെൻട്രേറ്ററുകളും മറ്റു മെഡിക്കൽ സപ്ലൈകളും ചൈനയിൽ നിന്നും വാങ്ങാനുളള സ്വകാര്യ വ്യാപാരികളുടെ ശ്രമങ്ങൾക്ക് ഈ തീരുമാനം തടസമാകും.
ഇന്ത്യയിൽ കൊറോണ കേസുകൾ കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ പുറത്തു നിന്നും രാജ്യത്ത് എത്താൻ സാധ്യതയുള്ള കൊറോണ കേസുകളുടെ എണ്ണം കുറയ്ക്കുന്നതിനായാണ് 15 ദിവസത്തേക്ക് ഇത്തരമൊരു തീരുമാനം എടുത്തിരിക്കുന്നത്. സിചുവാൻ എയർലൈൻസിൻറെ പ്രധാനപ്പെട്ട റൂട്ടുകളാണ് ഇന്ത്യയിലേക്കുള്ളത്.
വിമാന സർവീസ് നിർത്തിവയ്ക്കാനുളള തീരുമാനം കമ്പനിക്ക് വലിയ നഷ്ടമുണ്ടാക്കി. മാറ്റമില്ലാതെ തുടരുന്ന ഈ സാഹചര്യത്തിൽ, തങ്ങൾ ഖേദിക്കുന്നതായും ഏജൻറുമാർ സാഹചര്യം മനസിലാക്കണമെന്നും കത്തിൽ പറയുന്നു.