വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലെ ആധിക്ഷേപ പോസ്റ്റുകള്‍ക്ക് അഡ്മിന്‍ ഉത്തരവാദിയല്ലെന്ന് ബോംബെ ഹൈക്കോടതി

മുംബൈ: വാട്സ്ആപ്പ് ഗ്രൂപ്പുകളില്‍ പോസ്റ്റ് ചെയ്യപ്പെടുന്ന അധിക്ഷേപ പോസ്റ്റുകള്‍ക്ക് ഗ്രൂപ്പ് അഡ്മിന്‍ ഉത്തരവാദിയല്ലെന്ന് ബോംബെ ഹൈക്കോടതിയുടെ ഉത്തരവ്. വാട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിന് ഗ്രൂപ്പിലേക്ക് അംഗങ്ങളെ ചേര്‍ക്കുകയോ ഒഴിവാക്കുകയോ ചെയ്യാനുള്ള അധികാരം മാത്രമേയുള്ളുവെന്നും കോടതി നിരീക്ഷിച്ചു. ബോംബെ ഹൈക്കോടതിയുടെ നാഗ്പ്പൂര്‍ ബെഞ്ചാണ് ഈ നിര്‍ണായക ഉത്തരവിട്ടത്.

കിഷോര്‍ തരോണ്‍ എന്നയാള്‍ സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു കോടതി വിധി. 2016ല്‍ കിഷോറിനെതിരെ രജിസ്റ്റര്‍ ചെയ്ത സ്ത്രീത്വത്തെ അധിക്ഷേപിച്ചെന്ന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇയാള്‍ കോടതിയെ സമീപിച്ചത്. ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്യുന്ന കണ്ടന്റുകള്‍ നിയന്ത്രിക്കാന്‍ അഡ്മിന് സാധിക്കില്ലെന്നും ജസ്റ്റിസുമാരായ ഇസഡ് എ ഹഖും എ ബി ബോറാക്കറും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഉത്തരിവിട്ടു.

കിഷോര്‍ ഗ്രൂപ്പ് അഡ്മിനായിരുന്ന ഒരു വാട്സ്ആപ്പ് ഗ്രൂപ്പിലെ അംഗം മറ്റൊരു അംഗത്തിന് എതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയപ്പോള്‍ അത് തടയാന്‍ കിഷോറിന് സാധിച്ചില്ല എന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. അധിക്ഷേപം നടത്തിയ അംഗത്തെ പുറത്താക്കുകയോ പരാമര്‍ശത്തില്‍ മാപ്പ് പറയാന്‍ ആവശ്യപ്പെടുകയോ ചെയ്തില്ലെന്നും വാദിച്ചു.

അതേസമയം എല്ലാ ചാറ്റ് ഗ്രൂപ്പുകള്‍ക്കും ഒന്നിലേറെ അഡ്മിനുകള്‍ ഉണ്ടാകുമെന്ന് നിരീക്ഷിച്ച കോടതി ഗ്രൂപ്പിലെ എതെങ്കിലും ഒരംഗം നിയമിരുദ്ധമായ കണ്ടന്റുകള്‍ പോസ്റ്റ് ചെയ്താല്‍ അതിന് ശിക്ഷ ലഭിക്കുമെന്നും അറിയിച്ചു