തൃശൂര്‍: സീരിയല്‍ നടന് ആദിത്യന് ആത്മഹത്യയ്ക്ക് ശ്രമിച്ചു. കയ്യിലെ ഞരമ്പ് മുറിച്ച നിലയില്‍ താരത്തെ കാറിനുള്ളില്‍ കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്. തൃശൂര്‍ സ്വരാജ് റൗണ്ടിലാണ് സംഭവം.
തൃശൂര്‍ ജില്ലാ ആശുപത്രിയില്‍ ആദിത്യനെ പ്രവേശിപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. നടി അമ്പിളി ദേവിയുടെ ഭര്‍ത്താവ് കൂടിയാണ് ആദിത്യന്. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. അമ്പിളി ദേവിക്കെതിരെ ആദിത്യൻ കഴിഞ്ഞ ദിവസങ്ങളിലായി ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിരുന്നത്.
ഭർത്താവ് ആദിത്യൻ ജയനുമായുള്ള കുടുംബ പ്രശ്നങ്ങളെക്കുറിച്ച് തുറന്ന പ്രതികരണവുമായി നടി അമ്പിളി ദേവിയും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ഒരാഴ്ചക്കാലമായി അമ്പിളി ദേവിയും ആദിത്യൻ എന്ന ഭർത്താവ് ജയനുമായുള്ള പ്രശ്നങ്ങൾ ചില മാധ്യമങ്ങൾ ചർച്ചയാക്കിയിരുന്നു. ഭർത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നും, തന്നോട് വിവാഹമോചനം ആവശ്യപ്പെടുന്നുവെന്നും, തനിക്ക് ഭീഷണിയുണ്ടെന്നും അമ്പിളി വ്യക്തമാക്കിയിരുന്നു.
എന്നാൽ സംഭവത്തിൽ പറയുന്ന സ്ത്രീ സുഹൃത്താണെന്നും, ഭാര്യ അമ്പിളിയെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് ജയനും പ്രതികരിച്ചു. ഏതൊരു കുടുംബജീവിതത്തിലും ഉണ്ടാകുന്ന പ്രശ്നങ്ങളാണ് തങ്ങൾക്കിടിയിലും ഉണ്ടായതെന്നും അതിങ്ങനെ വ്യക്തിപരമായി തകർക്കാനുള്ള ആയുധമായി ഉപയോഗിക്കരുത് എന്നും ജയൻ പറഞ്ഞു.
“ഞാൻ കൊല്ലുമെന്നോ സൈബർ ആക്രമണം നടത്തുമെന്നോ പറഞ്ഞിട്ടില്ല. വ്യാജ ആരോപണങ്ങളാണ് അമ്പിളി ദേവി ഉന്നയിക്കുന്നത്,” ജയൻ പറഞ്ഞതിങ്ങനെ.