ആലപ്പുഴ: വരൻ കൊറോണ ബാധിതനായതിനെ തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി വിവാഹവേദിയായി. പി.പി.കിറ്റ് ധരിച്ചെത്തിയ വധുവിനെ ആശുപത്രിയിൽ വച്ച് വരൻ താലിചാർത്തി. ചടങ്ങുകൾക്കു ശേഷം വരൻ കൊറോണ വാർഡിലേക്കും, വധു വധു ഗൃഹത്തിലേക്കും യാത്രയായി.
കൈനകരി പഞ്ചായത്ത് ഒമ്പതാം വാർഡിൽ കുപ്പപ്പുറം ഓണംപള്ളി വീട്ടിൽ എൻ.ശശിധരൻ – ജിജി ശശിധരൻ ദമ്പതികളുടെ മകൻ എസ്.ശരത് മോനും, ആലപ്പുഴ വടക്കനാര്യാട് പ്ലാം പറമ്പിൽ പി. എസ്.സുജി-കുസുമം സുജി ദമ്പതികളുടെ മകൾ അഭിരാമി (ശ്രീക്കുട്ടി) യും തമ്മിലുള്ള വിവാഹമാണ് കൊറോണ പ്രോട്ടോക്കോൾ പാലിച്ച് ആലപ്പുഴ മെഡിയ്ക്കൽ കോളേജ് ആശുപത്രിയിൽ പ്രത്യേകം സജ്ജമാക്കിയ മുറിയിൽ ഞായറാഴ്ച 12 നും12.20 നും മദ്ധ്യേയുള്ള ശുഭമുഹൂർത്തത്തിൽ നടന്നത്.
കൊറോണ ബാധിതനായ വരൻ ശരത്ത്, മാതാവ് ജിജി, പി.പി. കിറ്റ് ധരിച്ചു വധു അഭിരാമി, അഭിരാമിയുടെ മാതൃസഹോദരി ഭർത്താവ് മഹേഷ്, ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരൻ അജയൻ, ഡ്യൂട്ടി ഡോക്ടർ ഹരിഷ്, ഹെഡ് നേഴ്സ് സീനമോൾ സ്റ്റാഫ് നേഴ്സ് ജീന ജോർജ്, എന്നിവരും മാത്രമായിരുന്നു വിവാഹം നടന്ന മുറിയിൽ.
25 ന് വിവാഹം തീരുമാനിച്ച് വരൻ ശരത് മോഹൻ സൗദിയിൽ നിന്നും 17 ദിവസങ്ങൾക്കു മുൻപാണ് നാട്ടിലെത്തിയത്. കഴിഞ്ഞ 21 ന് കൊറോണ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ആലപ്പുഴ സഹൃദയ ആശുപത്രിയിൽ ശരത് മോനും, അമ്മ ജിജി ശശിധരനും പരിശോധന നടത്തിയപ്പോഴാണ് പോസിറ്റീവ് സ്ഥിരീകരിച്ചത്. തുടർന്ന് ഇരുവരേയും ആലപ്പുഴ മെഡിയ്ക്കൽ കോളേജ് ആശുപത്രിയിലെ കൊറോണ വാർഡിലേക്കു മാറ്റി.
നിശ്ചയിച്ച ദിനത്തിൽ തന്നെ വിവാഹം നടത്തണമെന്ന ആഗ്രഹം സുഹൃത്തുക്കളോട് പങ്കുവെച്ചതിനെ തുടർന്ന് കുട്ടനാട് സ്ഥാനാർത്ഥിയായി മത്സരിച്ച തോമസ് കെ തോമസ് മുൻകൈ എടുത്ത് കളക്ടറെ വിവരം ധരിപ്പിച്ചു. കളക്ടർ എ.അലക്സാണ്ടർ ആശുപത്രി സൂപ്രണ്ട് ഡോ.ആർ.വി.രാംലാലുമായി ആലോചിച്ച് ആശുപത്രിയിൽ വെച്ച് മിന്നുകെട്ടാൻ അവസരമൊരുക്കുകയായിരുന്നു.