വിവാഹം അടക്കമുള്ളവ മാറ്റി വയ്ക്കണം; മാസ്‌ക് ധരിക്കാന്‍ ബുദ്ധിമുട്ടുള്ള വൈദികര്‍ ശുശ്രൂഷകളില്‍ നിന്ന് വിട്ടുനില്‍ക്കണം; നിര്‍ദ്ദേശവുമായി യാക്കോബായ സഭ

കൊച്ചി: സംസ്ഥാനത്ത് കൊറോണ വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ വിവാഹം അടക്കം സാധ്യമായ ചടങ്ങുകള്‍ എല്ലാ മാറ്റി വയ്ക്കണമെന്ന നിര്‍ദ്ദേശവുമായി യാക്കോബായ സഭ. ദേവാലയങ്ങളിലെ ശുശ്രൂഷകള്‍ക്ക് കൊറോണ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് സഭ വ്യക്തമാക്കി.

മാസ്‌ക് ധരിക്കാന്‍ ബുദ്ധിമുട്ടുള്ള വൈദികര്‍ ശുശ്രൂഷകളില്‍ നിന്ന് വിട്ടുനില്‍ക്കണം. ശുശ്രൂഷകളില്‍ നിശ്ചിത എണ്ണം വിശ്വാസികള്‍ മാത്രമേ പങ്കെടുക്കാവു എന്നും നിര്‍ദ്ദേശത്തിലുണ്ട്.

കൊറോണ പ്രതിരോധത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നൽകുന്ന നിര്‍ദേശങ്ങള്‍ പാലിച്ച് സഭാംഗങ്ങള്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകണമെന്ന് കെസിബിസി അധ്യക്ഷൻ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും ആവശ്യപ്പെട്ടു. കത്തോലിക്ക സഭയുടെ ഉടമസ്ഥതയിലുള്ള ആശുപത്രികള്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.