കൊറോണ പ്രതിരോധത്തിൽ സർക്കാരിന് പൂർണ പിന്തുണ; ബഡായി അടിയിൽ ഒതുങ്ങരുതെന്ന് ചെന്നിത്തല

തിരുവനന്തപുരം: കൊറോണ പ്രതിരോധത്തിൽ സർക്കാരിന് പൂർണ പിന്തുണ പ്രഖ്യാപിച്ച്‌ പ്രതിപക്ഷം. സർക്കാരും ആരോഗ്യ വകുപ്പും എടുക്കുന്ന നിലപാടിനൊപ്പം യോജിച്ച്‌ പ്രവർത്തിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാർത്ത സമ്മേളനത്തിൽ പറഞ്ഞു. എന്നാൽ കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജനങ്ങളെ പരിഭ്രാന്തരാക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വാക്‌സിൻ ലഭ്യമാക്കുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുന്നത് സ്വാഗതാർഹമാണെന്നും അദ്ദേഹം പറഞ്ഞു.”തിരഞ്ഞെടുപ്പിന്റെ എല്ലാ അഭിപ്രായ വ്യത്യാസങ്ങളും മാറ്റിവെച്ച്‌ കൊറോണയുടെ പോരാട്ടത്തിൽ മുന്നിട്ടിറങ്ങാൻ യുഡിഎഫ് പ്രവർത്തകരോട് ആഹ്വാനം ചെയ്യുകയാണ്.

സർക്കാരും അവസരത്തിനൊപ്പം ഉയരുമെന്ന് ഞങ്ങളും പ്രതീക്ഷിക്കുന്നു. വെറുതെ ബഡായി അടിക്കുന്നതിൽ മാത്രമായി കൊറോണ പ്രതിരോധം ഒതുങ്ങരുത്. പ്രതിപക്ഷത്തേയും മറ്റ് രാഷ്ട്രീയ പാർട്ടികളേയും പങ്കാളി ആക്കണം,” രമേശ് ചെന്നിത്തല പറഞ്ഞു. ‘തികഞ്ഞ ജാഗ്രതയോടെ എല്ലാവരും ഒത്തൊരുമിച്ച്‌ പ്രവർത്തിക്കേണ്ട സാഹചര്യമാണ് ഇപ്പോൾ ഉള്ളത്. സർക്കാരിനോടൊപ്പം പ്രതിപക്ഷം ഈ കാര്യത്തിൽ യോജിച്ച്‌ പ്രവർത്തിക്കും.

യുഡിഎഫിലെ എല്ലാ ഘടകകക്ഷികളുമായും വളരെ വിശദമായി സംസാരിച്ചു. സർക്കാരും ആരോഗ്യ വകുപ്പും എടുക്കുന്ന നിലപാടിനൊപ്പം യോജിച്ച്‌ നിന്നുകൊണ്ട് പ്രവർത്തിക്കണമെന്നാണ്. ഒന്നാം ഘട്ടത്തിലും സർക്കാരിന് പരിപൂർണപിന്തുണ രേഖപ്പെടുത്തിയിരുന്നു. സർക്കാരും ആരോഗ്യവകുപ്പും പറഞ്ഞ കാര്യങ്ങളുമായി മുന്നോട്ട് പോവുകയാണുള്ളത്. കൊറോണ പ്രതിരോധത്തിൽ എല്ലാ പിന്തുണയും സർക്കാരിന് പ്രഖ്യാപിക്കുകയാണ്. കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ ഓഫീസിൽ കൺട്രോൾ റൂം തുറന്നിട്ടുണ്ട്.

ജനങ്ങൾക്കിടയിൽ പരിഭ്രാന്തി ഉണ്ടാക്കുന്ന നീക്കം സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകരുതെന്നും ആശുപത്രികളിൽ തിരക്ക് നിയന്ത്രിക്കണമെന്നും രമേശ് ചെന്നിത്തല കൂട്ടിചേർത്തു. ആശുപത്രികളിലെ തിരക്ക് ഒഴിവാക്കാൻ അടിയന്തര നടപടി സ്വീകരിക്കണം. ഓക്‌സിജൻ ഉൾപ്പെടെ എല്ലാ അവശ്യമെഡിക്കൽ സംവിധാനങ്ങളും ആശുപത്രികളിൽ ഒരുക്കണം.

ഏതുസാഹചര്യത്തെയും നേരിടാൻ ആശുപത്രികൾ സജ്ജമാക്കണം. ഓക്‌സിജൻ, ബ്ലഡ്, വെന്റിലേറ്റർ തുടങ്ങി എല്ലാ അവശ്യ ഘടകങ്ങളും ഒരുക്കണം. കൊറോണ രോഗികൾക്ക് സ്വകാര്യ ആശുപത്രികളിൽ കൂടി വെന്റിലേറ്ററും, ഐസിയുവും ക്രമീകരിക്കണം,” വാക്‌സിൻ കേന്ദ്രസർക്കാർ സൗജന്യമായി നൽകണമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.