കൊച്ചി: കൊറോണ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ രോഗ പ്രതിരോധത്തിനും ചികിത്സയ്ക്കും
ആയുർവേദത്തിലെ അറിവുകൾ ഉപയോഗപ്പെടുത്തുന്നത് ഗുണപ്രദമെന്ന് ആയുർവേദ വിദഗ്ധർ. ഈയൊരു സാഹര്യത്തിൽ പ്രതിരോധശേഷി അനിവാര്യമായ ഘടകമാണ്. അതിനായി ലളിതവും ഫലപ്രദവുമായ ഔഷധങ്ങൾ നിത്യേന ഉപയോഗിക്കാവുന്നതാണെന്ന് തൃശ്ശൂർ സുനേന്ത്രി ആയൂർവേദാശ്രമത്തിലെ ആരോഗ്യ വിദഗ്ദൻ ഡോ. എം. പ്രസാദ് പറഞ്ഞു.
വീടുകളിൽ ലഭ്യമായ ഔഷധസസ്യങ്ങളും ഭക്ഷണ സാധനങ്ങളും ഉപയോഗിച്ച് പ്രതിരോധശേഷി വർധിപ്പിക്കാം. നിസാരമായി ഇതിനെന്തെല്ലാം ചെയ്യാം
- ചുക്കും തുളസിയിലയും മഞ്ഞൾപ്പൊടിയും ചേർത്തുണ്ടാക്കുന്ന ചക്കര/കരിപ്പെട്ടിക്കാപ്പി കുടിക്കുക.
- ഇതേ മരുന്നുകൾ ചേർത്തുതിളപ്പിച്ച വെള്ളത്തിന്റെ ആവി ശ്വസിക്കുക
- അണുതൈലം എന്ന മരുന്ന് മൂക്കിനുള്ളിൽ പുരട്ടുക.വീട്ടിലിരിക്കുന്നവർ രാവിലെ മാത്രം ചെയ്താൽ മതി. പുറത്തുപോകുന്നവർ രാവിലെയും പുറത്തുപോകും മുമ്പും കഴിയുമെങ്കിൽ മടങ്ങിയെത്തിയ ശേഷവും ഇതാവർത്തിക്കുക. മൂക്കിൽ പുരട്ടിയ മരുന്ന് മെല്ലെ, ഒട്ടും അസുഖകരമാകാത്ത വിധം വലിച്ചെടുത്ത് തുപ്പിക്കളയാനാകുമെങ്കിൽ അതുചെയ്യുക.
- കല്ലുപ്പും കുരുമുളകും ചേർത്തുതിളപ്പിച്ച വെള്ളം സുഖമായ ചൂടിൽ വായിൽ നിറച്ചുപിടിക്കുകയും തൊണ്ടയിലെത്തുമ്പോലെ കുൽക്കുഴിഞ്ഞു തുപ്പുകയും ചെയ്യുക. രാവിലെ മൂക്കിലെ മരുന്നിനുശേഷം ഇതു ചെയ്യുന്നതാണ് നല്ലത്. കഴിയുമെങ്കിൽ രാത്രി കിടക്കന്നതിന് മുമ്പും ആവർത്തിക്കുക.
- രാത്രി ഭക്ഷണം സൂര്യാസ്തമയ സമയത്ത് കഴിക്കുക.
- ആവശ്യത്തിന് ഉറങ്ങുക. നേരത്തെ ഉറങ്ങി നേരത്തെ ഉണരുന്നത് ശീലമാക്കുക.
- ആവശ്യത്തിലധികം ഭക്ഷണം കഴിക്കാതിരിക്കുക.
- വീട്ടുഭക്ഷണം മാത്രം കഴിക്കുക.
- ശുദ്ധജലം മാത്രം കുടിക്കുക. ചുക്കും മല്ലിയും ഇട്ട് തിളപ്പിക്കാമെങ്കിൽ അത്രയും നല്ലത്.
- ഉച്ചക്കുളിയും ഉണ്ടതിനുശേഷമുള്ള കുളിയും ഒഴിവാക്കുക.
- പുളിപ്പിച്ച പലഹാരങ്ങൾ നിത്യവും ഉപയോഗിക്കാതിരിക്കുക.
- മാംസാഹാരം കഴിക്കുന്നവർ അതിനനുസരിച്ച് ശാരീരിക വ്യായാമം ചെയ്യണം.
- ലഘുവായ വ്യായാമങ്ങൾ ശീലിക്കണം.
- നിത്യവും ഇളം വെയിലേൽക്കുക.
- ലഹരി ഉപയോഗത്തിൽനിന്ന് പൂർണ്ണമായും ഒഴിഞ്ഞു നിൽക്കുക.
- മനസിനെ അലോസരപ്പെടുത്തുന്ന ചിന്തകൾ ഒഴിവാക്കുക.
- യോഗപരിശീലനം ഏറെ സഹായകരമായിരിക്കും.
രോഗബാധിതരായാൽ…
- പരിപൂർണ്ണമായി വിശ്രമിക്കുക.
- എളുപ്പം ദഹിക്കുന്ന ഭക്ഷണം കഴിക്കുക. കഞ്ഞിയാണ് ഉത്തമം. തോരനോ, എരിവും പുളിയും കുറഞ്ഞ കറികളോ ചുട്ട പപ്പടമോ ഒപ്പം കഴിക്കാം.
- പരിഭ്രമിപ്പിക്കുന്ന വാർത്തകളിൽ നിന്നും അകന്നുനിൽക്കുക.
- വിളിച്ചാലെത്തുന്ന സഹായം ഉറപ്പിക്കുക.
- ഇന്ദുകാന്തംകഷായം 15 മില്ലി വീതം 60 മില്ലി തിളപ്പിച്ചാറിയ വെള്ളം ചേർത്ത് ദിവസം രണ്ടുനേരം കഴിക്കുക. ഇതിൽ ഓരോ വെട്ടുമാറൻ ഗുളിക ചേർക്കുക.
- വില്വാദി ഗുളിക ഒന്നുവീതം ഇഞ്ചിനീരും തേനും ചേർത്തോ കഷായത്തിൽ കലർത്തിയോ കഴിക്കുക.
- താലീസപത്രാദി ചൂർണ്ണം കുറേശ്ശെ വായിൽ വച്ച് അലിയിച്ചിറക്കുക. വ്യോഷാദി വടകവും ഇങ്ങനെ ഉപയോഗിക്കാം.
- പനി ശക്തിയായിട്ടുണ്ടെങ്കിൽ മരുന്ന് കൂടുതൽ തവണ ഉപയോഗിക്കാം. പനിയുണ്ടെങ്കിൽ തല കുളിക്കരുത്.
- ചുക്ക്, മല്ലി, തുളസിയില ഇവ ചേത്തു തിളപ്പിച്ച വെള്ളം കുടിക്കുക, ആവി ശ്വസിക്കുക.
- ധാന്വന്തരം, ഗോരോചനാദി, സിദ്ധമകര ധ്വജം എന്നീ ഗുളികകൾ, അമൃതാരിഷ്ടം, പുനർന്നവാസവം, എന്നിവ അത്യാവശ്യത്തിനായി കരുതിവയ്ക്കുക.
- ശ്വാസതടസ്സം, നെഞ്ചുവേദന എന്നിവ ഉണ്ടെങ്കിൽ വൈദ്യസഹായം ആവശ്യപ്പെടുക. അപ്പോഴും ഓക്‌സിജൻ, വെന്റിലേറ്റർ, ഐ.സി.യു എന്നിങ്ങനെ അനാവശ്യ ഭയങ്ങൾ ഒഴിവാക്കുക.
- മനസ്സ് ശാന്തമാക്കി വയ്ക്കുക, എന്നിവയാണ് ഡോ.പ്രസാദ് നിർദ്ദേശിക്കുന്നത്.