തിരുവനന്തപുരം: നാളെയും മറ്റന്നാളും സംസ്ഥാനത്ത് ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണം. ശനി, ഞായർ ദിവസങ്ങളിൾ അവശ്യസർവീസുകൾ മാത്രമേ പ്രവർത്തിക്കുകയുള്ളു.
അനാവശ്യമായ യാത്രകളും പരിപാടികളും അനുവദനീയമല്ല. നേരത്തെ നിശ്ചയിച്ച വിവാഹങ്ങൾ നടത്താം. ഹോളുകൾക്കുള്ളിൽ പരമാവധി 75 പേർക്കും തുറസ്സായ സ്ഥലങ്ങളിൽ 150 പേർക്കും മാത്രമായിരിക്കും പ്രവേശനം. മരണാനന്തര ചടങ്ങുകളിൽ പരമാവധി 50 പേർക്കാണ് പങ്കെടുക്കാവുന്നത്. വിവാഹചടങ്ങുകളിൽ പങ്കെടുക്കാൻ പോകുന്നവർ യാത്രയിൽ തിരിച്ചറിയൽ കാർഡും ക്ഷണക്കത്തും കരുതണം. ദീർഘദൂര യാത്ര പൊതുവെ ഒഴിവാക്കണം.
വിവാഹം, മരണം, ഏറ്റവും അടുത്ത ബന്ധുവായ രോഗിയെ സന്ദർശിക്കൽ, മരുന്ന്, ഭക്ഷണം എന്നിവയ്ക്കായി യാത്ര ചെയ്യാനും അനുവാദമുണ്ട്. എന്നാൽ ഇവർ സ്വന്തമായി തയ്യാറാക്കിയ സത്യപ്രസ്താവന കൈയിൽ കരുതണം. ട്രെയിൻ, വിമാന സർവീസുകൾ പതിവുപോലെ ഉണ്ടായിരിക്കും. പൊലീസ് പരിശോധനാസമയത്ത് യാത്രക്കാർക്ക് ടിക്കറ്റ്/ ബോർഡിങ് പാസ്, തിരിച്ചറിയൽ കാർഡ് ഇവയെല്ലാം കാണിക്കാവുന്നതാണ്.
ഹോട്ടലുകൾക്കും റെസ്‌റ്റോറന്റുകൾക്കും ഹോം ഡെലിവറി നടത്താം. വളരെ അത്യാവശ്യ ഘട്ടങ്ങളിൽ പൊതുജനത്തിന് ഹോട്ടലുകളിൽ പോയി ഭക്ഷണം വാങ്ങാവുന്നതാണ്. ഇതിനായി സത്യപ്രസ്താവന കൈയിൽ കരുതണം. വീടുകളിൽ മത്സ്യം എത്തിച്ച് വിൽപന നടത്തുന്നതിൽ തടസ്സമില്ല. എന്നാൽ വിൽപനക്കാർ മാസ്‌ക് ധരിക്കുന്നത് ഉൾപ്പെടെയുള്ള കൊറോണ നിയന്ത്രണങ്ങൾ പാലിക്കണം.
ടെലികോം, ഐ ടി, ആശുപത്രികൾ, മാധ്യമസ്ഥാപനങ്ങൾ, പാൽ, പത്രവിതരണം, ജലവിതരണം, വൈദ്യുതി എന്നിവയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളാണ് ഈ ദിവസങ്ങളിൽ പ്രവർത്തിക്കുക.
നാളത്തെ ഹയർ സെക്കൻഡറി പരീക്ഷ മുൻ നിശ്ചയിച്ച പ്രകാരം നടക്കും. അതുമായി ബന്ധപ്പെട്ട് അധ്യാപകർക്കും കുട്ടികൾക്കും യാത്രചെയ്യാൻ അനുവാദമുണ്ട്. പരീക്ഷാ കേന്ദ്രങ്ങളിൽ കുട്ടികളെ എത്തിക്കുന്ന രക്ഷകർത്താക്കൾ കൂട്ടം കൂടി നിൽകാതെ ഉടൻ മടങ്ങണം. യാത്രാസൗകര്യങ്ങൾ വേണ്ട ഇടപെടലുകൾ നടത്താൻ കളക്ടർമാർക്ക് നിർദേശം നൽകി.
ശനിയും ഞായറും മദ്യശാലകൾ പ്രവർത്തിക്കില്ല
സംസ്ഥാനത്ത് നാളെയും മറ്റന്നാളും ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളുടെ ഭാഗമായി മദ്യശാലകൾ പ്രവർത്തിക്കില്ല.
വെള്ളിയാഴ്ച രാത്രി എട്ടു മണിക്ക് ബവ്കോ ഷോപ്പുകളും 7.30 ഓടെ ബാറുകളും പ്രവർത്തനം നിർത്തും. തിങ്കളാഴ്ച മുതൽ ഇവ പ്രവർത്തനം പുനരാരംഭിക്കും.
എക്സൈസ് വകുപ്പിന്റെ ലൈസൻസോടു കൂടി പ്രവർത്തിക്കുന്ന ആശുപത്രികൾ ഒഴികെയുള്ള സ്ഥാപനങ്ങൾ ഈ ദിവസങ്ങളിൽ പ്രവർത്തിക്കില്ലെന്നും എക്സൈസ് കമ്മിഷണർ വ്യക്തമാക്കി. മദ്യശാലകളിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന കാര്യം തിങ്കളാഴ്ച ചേരുന്ന യോഗത്തിൽ തീരുമാനിക്കും.