ബംഗളൂരു: മയക്കുമരുന്നുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജാമ്യം തേടി ബിനീഷ് കോടിയേരി വീണ്ടും കോടതിയിൽ. പിതാവിൻ്റെ ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ബിനീഷ് കോടിയേരി ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചത്. ജാമ്യാപേക്ഷ ഹൈക്കോടതി 22 ന് വീണ്ടും പരിഗണിക്കും. വ്യാഴാഴ്ച എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിൻ്റെ (ഇഡി) എതിർവാദം കോടതി കേൾക്കും. ബിനീഷിൻ്റെ ജാമ്യാപേക്ഷ ഇഡി പ്രത്യേക കോടതി ഫെബ്രുവരി 22ന് തള്ളിയിരുന്നു. തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.
കോടിയേരി ബാലകൃഷ്ണൻറെ അർബുദാവസ്ഥ ഗുരുതരമാണെന്നും മകനായ താനുൾപ്പെടെയുള്ള അടുത്ത കുടുംബാംഗങ്ങളുടെ സാമീപ്യം വേണ്ടതുണ്ടെന്നും ബിനീഷ് ഹൈക്കോടതിയെ ധരിപ്പിച്ചു.
ലഹരിമരുന്ന് ഇടപാടുമായി ബന്ധപ്പെടുത്തി എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷിക്കുന്ന കള്ളപ്പണം വെളിപ്പിക്കൽ കേസിൽ നാലാം പ്രതിയാണ് ബിനീഷ്. ചൊവ്വാഴ്ച കേസിൽ ഹൈക്കോടതി വാദം കേട്ടപ്പോൾ ബിനീഷിനുവേണ്ടി അഡ്വ. കൃഷ്ണൻ വേണുഗോപാൽ ഹാജരായി. കോടിയേരിയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച മെഡിക്കൽ സർട്ടിഫിക്കറ്റും അഭിഭാഷകൻ ഹാജരാക്കി. ക്ടോബർ 29ന് അറസ്റ്റിലായ ബിനീഷ് നിലവിൽ പാരപ്പന അഗ്രഹാര സെൻട്രൽ ജയിലിലാണ് റിമാൻഡിൽ കഴിയുന്നത്.