തൃശൂർ : കൊറോണ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ തൃശൂർ പൂരം കാണികളെ ഒഴിവാക്കി നടത്തുമെന്ന് സൂചന. വളരെ കുറച്ചു പേർക്ക് മാത്രമാകും പ്രവേശന അനുമതി. എന്നാൽ ഭാരവാഹികൾക്കും ചടങ്ങ് നടത്താനുള്ളവർക്കും മാത്രം പ്രവേശന അനുമതി നൽകും. ചീഫ് സെക്രട്ടറിയുമായി നടത്തുന്ന യോഗത്തിന് ശേഷം ഇത് സംബന്ധിച്ച് അന്തിമ തീരുമാനമാകും.
കഴിഞ്ഞ ദിവസം വരെ പൊതുജനങ്ങളെ ഉൾക്കൊള്ളിച്ചുകൊണ്ട് പൂരം നടത്താനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ സംസ്ഥാനത്തെ രോഗവ്യാപനം പതിനെണ്ണായിരം കടന്നതിന്റെ പശ്ചാത്തലത്തിലാണ് കാണികളെ ഒഴിവാക്കാൻ ആലോചിക്കുന്നത്. പൂരം ലൈവ് ആയി മാദ്ധ്യമങ്ങൾ വഴി സംപ്രേക്ഷണം ചെയ്യാനാണ് നീക്കം.
നിലവിൽ പൂരം നടത്തിപ്പ് സംബന്ധിച്ച് നിർദ്ദേശങ്ങൾ സമർപ്പിക്കാനായി മെഡിക്കൽ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മേൽ ചെയർമാനായുള്ള മെഡിക്കൽ വിദഗ്ധ സമിതിയെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ചീഫ് സെക്രട്ടറി ഡോ. വി.പി.ജോയിയാണ് ഇക്കാര്യം അറിയിച്ചത്.
തൃശൂർ ഗവ. മെഡിക്കൽ കോളേജ് സർജറി വിഭാഗം അഡീഷണൽ പ്രൊഫസർ ഡോ. രവീന്ദ്രൻ, കമ്മ്യൂണിറ്റി മെഡിസിൻ അഡീഷണൽ പ്രൊഫസർ ഡോ. ബിനു അറീക്കൽ എന്നിവരാണ് കമ്മിറ്റി അംഗങ്ങൾ. സമിതി ഇന്ന് തന്നെ നിർദ്ദേശങ്ങൾ സമർപ്പിക്കും. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ വൈകിട്ട് നടക്കുന്ന യോഗം ഈ നിർദ്ദേശങ്ങൾ പരിശോധിച്ച് തൃശൂർ പൂരം നടത്തുന്നത് സംബന്ധിച്ച തീരുമാനമെടുക്കും.
പൂരം നിയന്ത്രണങ്ങൾ ധാരണയാകാതിരിക്കുന്ന സാഹചര്യത്തിൽ പൂരത്തിനുള്ള പ്രവേശന പാസ് നീട്ടി. ഇനി ചീഫ് സെക്രട്ടറിയുടെ യോഗത്തിന് ശേഷം മാത്രമാകും പാസ് നൽകുന്നത് സംബന്ധിച്ച് തീരുമാനമാകുക. പ്രവേശന പാസ് കൊറോണ ജാഗ്രതാ പോർട്ടലിൽ നിന്നും ഇന്ന് പത്ത് മുതൽ ഡൗൺലോഡ് ചെയ്യാമെന്നാണ് കഴിഞ്ഞ ദിവസം വരെ അറിയിച്ചിരുന്നത്. അതേസമയം കാണികളെ ഉൾക്കൊള്ളിക്കാതെ പൂരം നടത്താനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമായിരിക്കുകയാണ്.