നാലാം ദിവസവും വൻ വർധന; ഇന്ത്യയിൽ പ്രതിദിന കൊറോണ കേസുകൾ ഏറ്റവും ഉയർന്ന നിരക്കിൽ; രോഗികൾ രണ്ടരലക്ഷം കവിഞ്ഞു; 1501 മരണം

ന്യൂഡെല്‍ഹി: തുടർച്ചയായ നാലാം ദിവസവും രാജ്യത്ത് കൊറൊണ ബാധിതരുടെ എണ്ണം കുതിച്ചുയർന്നു. 2,61,500 പുതിയ കൊറോണ കേസുകള്‍ കൂടി കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്തെ എക്കാലത്തെയും വലിയ പ്രതിദിന കണക്കായി ഇത് മാറി. ലോകത്ത് തന്നെ പ്രതിദിന രോഗവ്യാപനത്തിൽ ഇന്ത്യയാണ് മുന്നിൽ.

1,501 പേരുടെ മരണവും 24 മണിക്കൂറിനിടെ രേഖപ്പെടുത്തി. ഇതോടെ രാജ്യത്ത് ആകെ 1,77,150 പേര്‍ക്ക് വൈറസ് ബാധയില്‍ ജീവന്‍ നഷ്ടമായി. 1,38,423 പേര്‍ക്കാണ് രോഗ മുക്തി. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഈ കണക്കുകള്‍ പുറത്തുവിട്ടത്. രാജ്യത്തെ മൊത്തം രോഗികളുടെ എണ്ണം 1,47,88,209 ആയിരിക്കുമ്പോള്‍ ഇതുവരെ 1,28,09,643 പേര്‍ക്ക രോഗ മുക്തി ഉണ്ടായി എന്നും ആരോഗ്യ മന്ത്രാലത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

തുടര്‍ച്ചയായ നാലാം ദിവസം ആണ് രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം രണ്ടരലക്ഷം കവിയുന്നത്.കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് ഒറ്റയടിക്ക് 26,808 രോഗികളാണ് വര്‍ധിച്ചത്.