ആലപ്പുഴ: വള്ളികുന്നത്തെ അഭിമന്യു വധക്കേസിലെ പ്രതികൾ ലക്ഷ്യമിട്ടത് സഹോദരൻ അനന്തുവിനെ. ഇക്കാര്യം അറസ്റ്റിലായ പ്രതികൾ പോലീസിന് മൊഴിനൽകി. അനന്ദുവിനോട് മുൻവൈരാഗ്യമുണ്ടായിരുന്നുവെന്നും പ്രതികൾ സമ്മതിച്ചു.
അതേസമയം, കേസിൽ പിടിയിലായ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. മുഖ്യപ്രതിയും ആർഎസ്എസ് പ്രവർത്തകനുമായ സജയ് ജിത്ത്, ജിഷ്ണു എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. കേസിൽ കൂടുതൽ പ്രതികളുടെ അറസ്റ്റുണ്ടായേക്കുമെന്നും സൂചനയുണ്ട്.
കേസിലെ മറ്റ് പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചെന്ന് പൊലീസ് പറഞ്ഞു.അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതിയായ ആർഎസ്എസ് പ്രവർത്തകൻ സജയ് ജിത്ത് ഇന്നലെ പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു.
ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് മറ്റൊരു പ്രതിയായ ജിഷ്ണുവിനെ കുറിച്ച് സൂചന ലഭിച്ചത്. തുടർന്ന് പാലാരിവട്ടം പൊലീസ് ജിഷ്ണുവിനെയും കസ്റ്റഡിയിൽ എടുത്തു. ഉത്സവപറമ്പിലെ സംഘർഷത്തിനിടയിൽ അഭിമന്യുവിനെ കുത്തി വീഴ്ത്തിയത് സജയ് ജിത്ത് ആണെന്ന് പൊലീസ് പറയുന്നു. കൊലപാതകത്തിന് ശേഷം പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചത് ജിഷ്ണുവാണ്.