തിരുവനന്തപുരം: വിവാഹം അടക്കമുള്ള പരിപാടികൾ നടത്തണമെങ്കിൽ സംസ്ഥാന സർക്കാരിന്റെ കോവിഡ് 19 ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. രജിസ്ട്രേഷൻ പൂർത്തിയാകുമ്പോൾ ലഭിക്കുന്ന ക്യുആർ കോഡ് പ്രിന്റെടുത്ത് പ്രവേശന കവാടത്തിൽ പതിക്കണം.
അതിഥികൾ പ്രവേശന കവാടത്തിലെ ക്യുആർ കോഡിനു നേരെ മൊബൈൽ ഫോണ് ഉപയോഗിച്ചു സ്കാൻ ചെയ്യണം. ഇതോടെ അതിഥികളുടെ ഫോണ് നമ്പരും പേരും വിവാഹ വിരുന്നിനു വന്നവരുടെ പട്ടികയിൽ ഇടംപിടിക്കും. ക്യുആർ കോഡ് സ്കാൻ ചെയ്യാത്ത അതിഥികളെ പരിപാടിയിലേക്കു പ്രവേശിപ്പിക്കരുതെന്നാണു ആരോഗ്യ വകുപ്പിന്റെ നിലപാട്.
കൊറോണ വ്യാപനം ക്രമാതീതമായതോടെയാണ് സംസ്ഥാന സർക്കാർ ഈ നിയന്ത്രണം ഏർപ്പെടുത്തിയത്. വിവാഹം പോലീസിൽ അറിയിച്ചാൽ മതിയെന്നാണ് കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറി നിർദേശിച്ചിരുന്നത്. എന്നാൽ ഈ നിർദേശം പുതുക്കിയിരിക്കുകയാണ്. വിവാഹത്തിനു മാത്രമല്ല, മറ്റു പൊതു പരിപാടികളിലേക്കു വരുന്നവർക്കും ഈ നിർദേശം ബാധകമാക്കാനും നീക്കമുണ്ട്.