മുംബൈ: കൊറോണ രണ്ടാം തരംഗം രൂക്ഷമായ മഹാരാഷ്ടയിലെ ആശുപത്രികളിലേക്ക് റിലയൻസ് റിഫൈനറികളിൽ നിന്ന് വേർതിരിച്ചെടുക്കുന്ന ഓക്സിജൻ എത്തിക്കുമെന്ന് മുകേഷ് അംബാനി. ദിവസേന കൊറോണ കേസുകൾ വർദ്ധിച്ചുവരുന്ന മഹാരാഷ്ടയിലെ സ്ഥിതി ഗുരുതരമാകുന്ന പശ്ചാത്തലത്തിലാണ് സഹായ വാഗ്ദാനവുമായി അംബാനി രംഗത്തെത്തിയത്.
ചികിത്സാ ഉപയോഗത്തിന് അനുയോജ്യമായ രീതിയിൽ പെട്രോൾ റിഫൈനറി യൂണിറ്റുകളിൽ നിന്ന് ഓക്സിജൻ ഉത്പാദിപ്പിച്ചാണ് വിതരണം ചെയ്യുന്നതെന്ന് അധികൃതർ അറിയിച്ചു.റിലയൻസിൽ നിന്ന് സംസ്ഥാനത്തിന് 100 ടൺ ഓക്സിജൻ ലഭിക്കുമെന്ന് കേന്ദ്ര നഗരവികസന മന്ത്രി ഏക്നാഥ് ഷിന്റെ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു.
അപ്രതീക്ഷിതമായി ആഞ്ഞടിച്ച കൊറോണയുടെ രണ്ടാംതരംഗം നേരിടുന്നതിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. ആശുപത്രികളിൽ കിടക്കകളുടെയും ആവശ്യമായ ഓക്സിജന്റെയും അപര്യാപ്തമൂലം രോഗികൾ മരണപ്പെടുന്ന സാഹചര്യമാണ് മിക്ക സംസ്ഥാനങ്ങളിലുമുള്ളത്.
കൊറോണ വ്യാപനം വളരെ രൂക്ഷമായ മഹാരാഷ്ട്രയിലെ മുംബൈ നഗരത്തിലാണ് അംബാനിയുടെ വീടും റിലയൻസിന്റെ ആസ്ഥാനവും സ്ഥിതി ചെയ്യുന്നത്. മഹാരാഷ്ടയിലെ ഏറ്റവും വലിയ പെട്രോളിയം റിഫൈനറി സ്ഥാപനമായ അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ഇതിനകം ഗുജറാത്തിലെ ജാംനഗർ മുതൽ മഹാരാഷ്ട വരെയുള്ള മേഖലയിൽ സൗജന്യമായി ഓക്സിജൻ വിതരണം ആരംഭിച്ചിട്ടുണ്ടെന്ന് റിലയൻസ് വക്താവ് അറിയിച്ചതായി എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.