സണ്‍റൈസേഴ്സിനെ എറിഞ്ഞിട്ട് റോയല്‍ ചലഞ്ചേഴ്സ്

ചെന്നൈ: ബൗളിംങ് മികവില്‍ ഹൈദരാബാദ് സണ്‍റൈസേഴ്സിനെതിരെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് വിജയം. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരത്തില്‍ സണ്‍റൈസേഴ്സിനെ ആറ് റണ്‍സിനാണ് റോയല്‍ ചലഞ്ചേഴ്‌സ് പരാജയപ്പെടുത്തിയത്. ബാംഗ്ലൂര്‍ ഉയര്‍ത്തിയ 150 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദിന് ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.

ഒരു ഘട്ടത്തില്‍ വിജയത്തിലേക്ക് കുതിച്ച ഹൈദരാബാദ് 17-ാം ഓവര്‍ മുതല്‍ മത്സരം കൈവിടുകയായിരുന്നു. 150 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദിന് സ്‌കോര്‍ 13-ല്‍ എത്തിയപ്പോള്‍ തന്നെ വൃദ്ധിമാന്‍ സാഹയുടെ (1) വിക്കറ്റ് നഷ്ടമായി.

ക്രീസില്‍ ഒന്നിച്ച ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ – മനീഷ് പാണ്ഡെ സഖ്യം രണ്ടാം വിക്കറ്റില്‍ 83 റണ്‍സ് ചേര്‍ത്ത് ഹൈദരാബാദിന് മികച്ച അടിത്തറ സമ്മാനിച്ചു. 37 പന്തില്‍ നിന്ന് ഒരു സിക്‌സും ഏഴു ഫോറുമടക്കം 54 റണ്‍സെടുത്ത വാര്‍ണറെ പുറത്താക്കി കൈല്‍ ജാമിസനാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.

പിന്നാലെ 17-ാം ഓവറില്‍ ജോണി ബെയര്‍‌സ്റ്റോയേയും (12), മനീഷ് പാണ്ഡെയേയും (38), അബ്ദുള്‍ സമദിനെയും മടക്കിയ ഷഹബാസ് അഹമ്മദാണ് മത്സരം ബാംഗ്ലൂരിന് അനുകൂലമാക്കി തിരിച്ചത്.

പിന്നാലെ വിക്കറ്റുകള്‍ ഓരോന്നായി നിലംപൊത്തി. വിജയ് ശങ്കര്‍ (3), ജേസണ്‍ ഹോള്‍ഡര്‍ (4) എന്നിവര്‍ക്കും കാര്യമായ സംഭാവനകള്‍ നല്‍കാനായില്ല. ഒമ്പത് പന്തില്‍ നിന്ന് 17 റണ്‍സടിച്ച റാഷിദ് ഖാന്‍ ശ്രമിച്ച് നോക്കിയെങ്കിലും ഫലമുണ്ടായില്ല.

ബാംഗ്ലൂരിനായി ഷഹബാസ് അഹമ്മദ് മൂന്നും ഹര്‍ഷല്‍ പട്ടേല്‍ മുഹമ്മദ് സിറാജ് എന്നിവര്‍ രണ്ടും വിക്കറ്റുകള്‍ വീതം വീഴ്ത്തി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂര്‍ 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സെടുത്തിരുന്നു.

അര്‍ധ സെഞ്ചുറി നേടിയ ഗ്ലെന്‍ മാക്‌സ്വെല്ലാണ് ബാംഗ്ലൂര്‍ നിരയിലെ ടോപ് സ്‌കോറര്‍. 41 പന്തുകള്‍ നേരിട്ട താരം മൂന്ന് സിക്‌സും അഞ്ചു ഫോറുമടക്കം 59 റണ്‍സെടുത്തു.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ നഷ്ടമായതാണ് തിരിച്ചടിയായത്. സ്കോര്‍ 19-ല്‍ നില്‍ക്കേ 11 റണ്‍സുമായി ദേവ്ദത്ത് പടിക്കല്‍ മടങ്ങി. സ്‌കോര്‍ 50 കടക്കു മുമ്പ് ഷഹബാസ് അഹമ്മദും (14) പുറത്തായി.

29 പന്തില്‍ നിന്ന് നാല് ഫോറടക്കം 33 റണ്‍സെടുത്ത കോലിയെ ജേസന്‍ ഹോള്‍ഡര്‍ മടക്കി. പിന്നാലെയെത്തിയ എ ബി ഡിവില്ലിയേഴ്‌സിന് (1) വെറും അഞ്ച് പന്തുകളുടെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ.

വാഷിങ്ടണ്‍ സുന്ദര്‍ (8), ഡാന്‍ ക്രിസ്റ്റ്യന്‍ (1), കൈല്‍ ജാമിസണ്‍ (12) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍. സണ്‍റൈസേഴ്‌സിനായി ജേസണ്‍ ഹോള്‍ഡര്‍ മൂന്നു വിക്കറ്റ് വീഴ്ത്തി. റാഷിദ് ഖാന്‍ നാല് ഓവറില്‍ 18 റണ്‍സ് മാത്രം വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി.

നേരത്തെ ടോസ് നേടിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ബാംഗ്ലൂര്‍ ടീമില്‍ രജത് പട്ടിദാറിന് പകരം ദേവ്ദത്ത് പടിക്കല്‍ ഇടംനേടി. സണ്‍റൈസേഴ്‌സില്‍ മുഹമ്മദ് നബിക്ക് പകരം ജേസണ്‍ ഹോള്‍ഡറും സന്ദീപ് ശര്‍മയ്ക്ക് പകരം ഷഹബാസ് നദീമും ഇടംപിടിച്ചു