ശ്രീനഗർ: ജമ്മുകശ്മീരിൻ്റെ പ്രത്യേക പദവി പുനസ്ഥാപിക്കാൻ പാകിസ്ഥാനോട് ആവശ്യപ്പെടണോയെന്ന് പിഡിപി നോതാവ് മെഹബൂബ മുഫ്തി. കേന്ദ്ര സർക്കാരിനെ രൂക്ഷമായി കടന്നാക്രമിച്ചാണ് മെഹബൂബ മുഫ്തിയുടെ പ്രതികരണം. ആർട്ടിക്കിൾ 370 പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെടുമ്പോഴെല്ലാം കേന്ദ്രസർക്കാർ ക്ഷുഭിതരാവുകയാണെന്ന് പിഡിപി നേതാവ് മെഹബൂബ മുഫ്തി. ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിയത് ഇന്ത്യൻ ഭരണഘടനയാണെന്നും അല്ലാതെ പാകിസ്ഥാൻ്റെ ഭരണഘടനയോ ചൈനയുടെ ഭരണഘടനയോ അല്ല എന്നും അവർ പറഞ്ഞു.
ആർട്ടിക്കിൾ 370, 35 എ എന്നിവ പുനസ്ഥാപിക്കണമെന്ന് അവർ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. 2019 ഓഗസ്റ്റ് അഞ്ചിലെ തീരുമാനം ജമ്മുകശ്മീരിലെ ജനങ്ങൾക്കോ പിഡിപിക്കോ സ്വീകാര്യമല്ലെന്നും അവർ പറഞ്ഞു. പിഡിപി അംഗത്വ വിതരണ പരിപാടിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ.
തങ്ങളുടെ പ്രത്യേക പദവിയും സ്വത്വബോധവും തട്ടിയെടുത്ത ശേഷം ഇപ്പോൾ നിശബ്ദരായി ഇരിക്കാനാണ് കേന്ദ്രം പറയുന്നത്. എങ്ങനെയാണ് തങ്ങൾക്ക് മൗനം പാലിക്കാനാവുകയെന്നും അവർ ചോദിച്ചു. കേന്ദ്രസർക്കാർ നൽകിയത് വലിയൊരു മുറിവാണ്. അതിൽ ശബ്ദമുയർത്തി കരയാൻ പോലും പാടില്ലെന്നാണ് ഇപ്പോൾ പറയുന്നതെന്നും അവർ ആരോപിച്ചു.
ജമ്മുകശ്മീർ ഇന്ത്യയുമായി ചേർന്നിരിക്കുന്നതിനുള്ള ധാരണയാണ് ആർട്ടിക്കിൾ 370 റദ്ദാക്കിയതിലൂടെ കേന്ദ്ര സർക്കാർ ചെയ്തിട്ടുള്ളത്. ജമ്മുകശ്മീരിലെ ആളുകളാണ് ഇന്ത്യയുടെ കരം ഗ്രഹിച്ചിട്ടുള്ളതെന്നും അവർ പറഞ്ഞു. കശ്മീരിലെ യുവജനം ആധുടമെടുക്കുന്നതിലേക്ക് തിരിയരുതെന്നും ജനാധിപത്യരീതി പിന്തുടരണമെന്നും മെഹബൂബ മുഫ്തി പറഞ്ഞു. അസമിലെ നയം ജമ്മു കശ്മീരിലും തുടരണമെന്നും കേന്ദ്രത്തോട് മെഹബൂബ മുഫ്തി ആവശ്യപ്പെട്ടു.